മസ്തിഷ്‌കമരണ നിര്‍ണയം ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി തള്ളി കേരള ഹൈക്കോടതി. 1994-ലെ മനുഷ്യ അവയവങ്ങള്‍ മാറ്റിവെക്കലും ടിഷ്യു മാറ്റിവെക്കലും നിയമത്തിലെ (THOTA) സെക്ഷന്‍ 2(d) , 2(e) എന്നിവയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. മസ്തിഷ്‌ക മരണം പ്രഖ്യാപിക്കുന്നത് ഇന്ത്യയില്‍ നിയമവിധേയമാക്കിയാതാണെന്നും ഇത് കോടതിക്ക് പു:നപരിശോധിക്കാനാകില്ലെന്നും മസ്തിഷ്‌കമരണം നിര്‍ണയിക്കുന്നത് കൃത്യമായ മെഡിക്കല്‍ പ്രക്രിയയിലൂടെയാണെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മസ്തിഷ്‌ക മരണം എന്ന ആശയം ശാസ്ത്രീയമല്ലാത്തതും ഏകപക്ഷീയവുമാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21-ന്റെ (ജീവിക്കാനുള്ള അവകാശം) ലംഘനമാണെന്നും ആരോപിച്ച് കൊല്ലം സ്വദേശി ഡോ.എസ് ഗണപതി നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്. മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ച ശേഷം രോഗികള്‍ സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്നും മസ്തിഷ്‌ക മരണം പ്രഖ്യാപിക്കുന്നതിന് ലോകമെമ്പാടുമുള്ള ഏകീകൃത ശാസ്ത്രീയ വിലയിരുത്തല്‍ ഇല്ലെന്നും ഡോ. ഗണപതി ചൂണ്ടിക്കാട്ടി. മസ്തിഷ്‌ക മരണം ശാസ്ത്രീയമാണെന്ന് കേസില്‍ കക്ഷി ചേര്‍ന്ന ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ന്യൂറോ സര്‍ജന്‍ ഡോ.എച്ച്.വി ഈശ്വര്‍ ചൂണ്ടിക്കാട്ടി. ബ്രെയിന്‍ സ്റ്റെം ഉള്‍പ്പെടെ എല്ലാ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിലയ്ക്കുമ്പോഴാണ് മസ്തിഷ്‌ക മരണം നിര്‍ണയിക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു രോഗിക്ക് രക്തചംക്രമണവും ഓക്‌സിജന്‍ വിതരണവും നിലച്ചാല്‍ അവരെ ആശുപത്രിയില്‍ തന്നെ നിലനിര്‍ത്തുന്നത് മറ്റു രോഗികളുടെ അവകാശങ്ങളെ ഹനിക്കുന്നതിന് തുല്യമാകും. ചികിത്സ ആവശ്യമുള്ള മറ്റ് രോഗികള്‍ക്ക് ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഉപയോഗിച്ച് ചികിത്സ ഉറപ്പാക്കാന്‍ മസ്തിഷ്‌ക മരണം പ്രഖ്യാപിക്കേണ്ടതിന്റെ പ്രാധാന്യവും ഡോ. ഈശ്വര്‍ എടുത്തുപറഞ്ഞു.
ബ്രെയിന്‍-സ്റ്റെം മരണത്തെ നിര്‍വചിക്കുകയും അത് സാക്ഷ്യപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വിവരിക്കുകയും ചെയ്യുന്ന THOTAയുടെ നിയമപരമായ ചട്ടക്കൂട് കോടതി പരിശോധിച്ചു. ഒരു പ്രത്യേക മെഡിക്കല്‍ നടപടിയിലൂടെയാണ് ഇന്ത്യയില്‍ മസ്തിഷ്‌ക മരണം അംഗീകരിക്കപ്പെടുന്നതെന്നും മസ്തിഷ്‌ക മരണത്തെ നിര്‍വചിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യയില്‍ മസ്തിഷ്‌ക മരണം അംഗീകൃത വൈദ്യശാസ്ത്രപരവും നിയമപരവുമായ ആശയമാണെന്ന് കോടതി വ്യക്തമാക്കി. മസ്തിഷ്‌കമരണ നിര്‍ണയത്തിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖകള്‍ക്ക് നിയമ സാധുത നല്‍കുന്നതാണ് ഈ ഹൈക്കോടതി വിധി. ഈ വിധി അവയവ മാറ്റിവെക്കലിനെ നിയന്ത്രിക്കുന്ന നിലവിലുള്ള നിയമപരമായ ചട്ടക്കൂടിനെ ഫലപ്രദമായി ശരിവയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ -സോട്ടോ ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.നോബിള്‍ ഗ്രേഷ്യസ് അറിയിച്ചു.