Kerala

9 വയസുകാരിയെ കോമയിലാക്കിയ വാഹനാപകടം; 11 മാസത്തിനുശേഷം പിടിയിലായ പ്രതിക്ക് ജാമ്യം – vadakara drishana accident hit and run case

വടകരയിൽ ഒമ്പത് വയസുകാരി ദൃഷാന കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിന് ജാമ്യം. അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോകുകയും പിന്നീട് വിദേശത്തേക്ക് കടക്കുകയും ചെയ്ത പ്രതിയെ 11 മാസങ്ങള്‍ക്ക് ശേഷമാണ് പോലീസ് പിടികൂടിയത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

അപകടസമയത്ത് കുട്ടിക്കൊപ്പമുണ്ടായിരുന്ന മുത്തശ്ശി ബേബി അടുത്ത ദിവസം തന്നെ മരിച്ചിരുന്നു. കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ പ്രതിയെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പുറമേരി സ്വദേശി ഷെജീലിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയും കേരളാ പോലീസിന് കൈമാറുകയുമായിരുന്നു. രണ്ട് കേസുകളാണ് ഷജീലിനെതിരേ എടുത്തിരിക്കുന്നത്. അപകടമുണ്ടാക്കി വാഹനം നിര്‍ത്താതെ പോയതിന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയും വാഹനം മതിലില്‍ ഇടിച്ചതാണെന്ന് കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ചതുമാണ് കേസുകള്‍. ഇതില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച കേസില്‍ നേരത്തെ തന്നെ ഷജീല്‍ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

2024 ഫെബ്രുവരി 17 രാത്രിയാണ് ഷജീല്‍ ഓടിച്ച കാര്‍ ദൃഷാന എന്ന ഒമ്പതുവയസുകാരിയുടെയും മുത്തശ്ശി ബേബിയുടെയും ദേഹത്തേക്ക് പാഞ്ഞുകയറിയത്. ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പില്‍ വെച്ചായിരുന്നു അപകടം. അപകടം നടന്നതിന് ശേഷം ഷജീല്‍ വാഹനവുമായി കടന്നുകളയുകയായിരുന്നു.

STORY HIGHLIGHT: vadakara drishana accident hit and run case