അന്യഗ്രഹ ജീവികൾ സത്യമാണോ മിഥ്യയാണോ എന്നത് ഇപ്പോഴും ഒരു തർക്ക വിഷയമാണ്. ഇതിലെ സത്യം കണ്ടെത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് ഗവേഷകർ. എന്തിരുന്നാലും അന്യഗ്രഹ ജീവികൾ ഈ ലോകത്ത് ഉണ്ട് എന്ന് വിശ്വസിക്കുന്നവർ ആണ് ഭൂരിഭാഗവും എന്നതാണ് വാസ്തവം. ഭൂമിയിൽ കാണുന്ന അപൂർവ്വ പ്രതിഭാസങ്ങളെ ഇപ്പോൾ ആളുകൾ അന്യഗ്രഹ ജീവികളുമായി ചേർത്തുവച്ചാണ് വിലയിരുത്തുന്നത്. ഭൂമിയിൽ പുതുതായി സംഭവിക്കുന്നത് എല്ലാറ്റിനും കാരണം അന്യഗ്രഹ ജീവികൾ ആണെന്നാണ് ഇവർ വിശ്വസിക്കുന്നത്. അടുത്തിടെയായി പുറത്തുവന്ന വാർത്തകൾ ഇതിന് ഉദാഹരണം ആണ്. ഇതിൽ ആളുകൾക്ക് ഭയവും ഉണ്ട്.
ഇത്തരത്തിൽ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ടുള്ള സംഭവം ആണ് സമൂഹമാദ്ധ്യമങ്ങൡ നിറയുന്നത്. ഓസ്ട്രിയയിൽ ആണ് ഈ സംഭവം ഉണ്ടായത്. മഞ്ഞുമലയിൽ വച്ച് പ്രദേശവാസി ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളിൽ പതിഞ്ഞ വെളിച്ചമാണ് അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ഭയം ആളുകളിൽ വീണ്ടും ഉയർത്തിയത്. മെഴുകുതിരി നാളം പോലെയുള്ള വെളിച്ചം ആയിരുന്നു അദ്ദേഹത്തിന്റെ ഫോണിൽ പതിഞ്ഞത്. 2024 ഡിസംബർ 10 ന് എടുത്ത ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഓസ്ട്രിയൻ സ്വദേശിയായ ലെൻക ലാൻക് ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത് എന്നാണ് വിവരം.
ഓസ്ട്രിയയിലെ ബ്രിക്‌സെന്റൽ താഴ്‌വരയിൽ സ്‌കേറ്റിംഗിനായി എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെ അദ്ദേഹം പ്രദേശത്തെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. അപ്പോഴാണ് മെഴുകുതിരി നാളം പോലെയുള്ള വെളിച്ചം അദ്ദേഹം കണ്ടത്. മിനിറ്റുകളോളം ഈ പ്രതിഭാസം തുടർന്നു. ഇതോടെ അദ്ദേഹം ഇത് പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ദൃശ്യങ്ങൾ കണ്ടതോടെ അമ്പരപ്പ് പ്രകടമാക്കി ആളുകൾ രംഗത്ത് എത്തി. അന്യഗ്രഹ ജീവികൾ തന്നെയാണ് ഇതിന് കാരണം എന്നായി ഇവർ. ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ പ്രചരിച്ചതോടെ കാരണം വ്യക്തമാക്കി അധികൃതർ രംഗത്ത് എത്തി. അന്യഗ്രഹ ജീവികൾ അല്ലെന്നും ഐസും സൂര്യ രശ്മിയും ചേർന്ന് പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പ്രതിഭാസം ആണ് ഇതെന്നും ആണ് അധികൃതർ പറയുന്നത്.
സംഭവ സമയം ചെറു ചീളുകൾ പോലെ പ്രദേശത്ത് മഞ്ഞ് വീഴുന്നുണ്ടായിരുന്നു. ഈ മഞ്ഞുപാളികൾ കണ്ണാടി പോലെ ആയി മാറി. ഇതിലേക്ക് സൂര്യരശ്മി പതിഞ്ഞപ്പോൾ കണ്ണാടി പോലെ മഞ്ഞുപാളികൾ പ്രതിഫലിച്ചു. ഇതാണ് വെളിച്ചത്തിന് കാരണം ആയത്. അന്യഗ്രഹ ജീവികളാണെങ്കിലും ഐസ് ആണെങ്കിലും വലിയ സന്തോഷത്തിലാണ് ലെൻക. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു പ്രതിഭാസം കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു ലോകത്താണ് താനെന്ന് ഇത് കണ്ടപ്പോൾ തോന്നിപ്പോയി. വളരെ മനോഹരമായ അനുഭവം ആയിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
STORY HIGHLIGHTS: Light as a candle Doubt that aliens!