തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദാണു മരിച്ചത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നിസാറിന്റെ ഭാര്യ ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറയിലുള്ള വീട്ടില്‍ വച്ചായിരുന്നു സംഭവം.
തൊണ്ടയില്‍ ഷാംപു കുപ്പിയുടെ അടപ്പു കുടുങ്ങിയ കുട്ടിയെ രാത്രി ഒമ്പതരയോടെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു. വിവരം ഭാര്യയോ ഭാര്യ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കാണിച്ചാണ് നിസാർ ടൗൺ പോലീസിൽ പരാതി നൽകിയത്.
ഇരുവരുടെയും ആദ്യത്തെ കുട്ടി 2023 ജൂലൈയിൽ തൊണ്ടയിൽ പാൽ കുടുങ്ങിയാണു മരിച്ചത്. ഈ കുട്ടിയുടെ മരണത്തിലും സംശയമുണ്ടെന്നു നിസാർ പരാതിയിൽ പറയുന്നു. ഇരുവരും തമ്മിൽ പ്രശനങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ കുറച്ചു നാളുകളായി നിസാറും ആയിഷയും ഒന്നിച്ചല്ല താമസിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ടൗൺ സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു.
STORY HIGHLIGHT: baby death bottle cap choking