‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന പരിപാടിയിൽ വിവാദ പരാമർശം നടത്തിയ രൺവീർ അലാബാദിയയെ രൂക്ഷമായി വിമർശിച്ച് നടി ശ്രുതി രജനികാന്തും അവതാരക അപർണ തോമസും. ഒരിക്കലും സങ്കൽപ്പിക്കാൻ പോലും പാടില്ലാത്ത കാര്യമാണ് നിങ്ങൾ പറഞ്ഞതെന്ന് അലാബാദിയ മാപ്പു പറഞ്ഞെത്തിയ പോസ്റ്റിനു കമന്റായി അപർണ തോമസ് കുറിച്ചു. അലാബാദിയയുടെ വിഡിയോകൾ കാണാറില്ലെങ്കിലും കേരളത്തിന്റെ നൂറുശതമാനം സാക്ഷരതയെക്കുറിച്ച് സർദാർജി പറഞ്ഞപ്പോൾ ചിരിച്ചിട്ടുണ്ടെന്നും ഇപ്പോൾ വിവരമില്ലാത്ത ആളുകൾ എങ്ങനെയിരിക്കുമെന്നു ലോകത്തിനു മുഴുവൻ മനസ്സിലായെന്നും ശ്രുതി രജനികാന്ത് കുറിച്ചു. മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ച് മോശം പരാമർശം നടത്തിയ ബീർബൈസെപ്സ് എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസർ രൺവീർ അലാബാദിയയ്‌ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇതിനെ തുടർന്നാണ് താരം ക്ഷമാപണവുമായി രംഗത്തെത്തിയത്.
‘‘ആരും ഒരിക്കലും പറയാൻ പാടില്ലാത്ത, ആരും സങ്കൽപ്പിക്കാൻ പോലും പാടില്ലാത്ത ഒരു കാര്യമാണ് നിങ്ങൾ പറഞ്ഞത്. നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു.’’ അപർണ തോമസ് കുറിച്ചു.
‘‘നിങ്ങളുടെ ഷോ ഞാൻ ഒരിക്കലും കണ്ടിട്ടില്ല, ചില ചെറിയ വിഡിയോ ശകലങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ. സർദാർ ജി കേരളത്തിന്റെ 100 ശതമാനം സാക്ഷരതയെക്കുറിച്ച് പറഞ്ഞപ്പോൾ പറഞ്ഞപ്പോൾ ഉയർന്ന നിലവാരമുള്ള ചിരികൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ വിവരമില്ലാത്ത ആളുകൾ എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ ലോകം മുഴുവൻ മനസ്സിലാക്കി. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ അല്പം മാന്യത കാണിക്കാൻ ശ്രമിക്കൂ. ഓ, നിങ്ങൾ കേരളത്തിൽ നിന്നുള്ളതല്ലല്ലോ. നിങ്ങൾ മലയാളി അല്ലാത്തതിന് ദൈവത്തിന് നന്ദി,’’ ശ്രുതി രജനീകാന്ത് കുറിച്ചു.
content highlight : shruti-rajanikant-aparna-thomas-criticize-allahbadia-indias-got-talent