Health

മെന്‍സ്ട്രല്‍ ഉപയോഗിക്കുന്നവരാണോ നിങ്ങൾ; ഇക്കാര്യങ്ങളില്‍ കരുതല്‍ വേണം | menstrual cup

മെന്‍സ്ട്രല്‍ കപ്പുകള്‍ ഏകദേശം 6 മുതല്‍ 12 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാം.

ആര്‍ത്തവ ദിനങ്ങള്‍ സാധാരണ ദിനങ്ങള്‍ക്ക് സമാനമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ക്കുള്ളത്. ഉപയോഗിക്കാനുള്ള എളുപ്പം, ദീര്‍ഘകാല ഉപയോഗം, കുറഞ്ഞ ചെലവ്, പരിസ്ഥിതി സൗഹൃദം എന്നിവ മെന്‍സ്ട്രല്‍ കപ്പുകളെ കൂടുതല്‍ ജനപ്രിയമാക്കുകയും ചെയ്യുന്നു. മെന്‍സ്ട്രല്‍ കപ്പുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കപ്പുകളുടെ തിരഞ്ഞെടുപ്പില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മെന്‍സ്ട്രല്‍ കപ്പുകളുടെ കരുതലില്ലാത്ത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടുന്നത്. മെന്‍സ്ട്രല്‍ കപ്പിന്റെ അളവിലെ വ്യത്യാസവും, കൃത്യമല്ലാത്ത സ്ഥാനവുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. വൃക്കയില്‍ നിന്ന് മൂത്രസഞ്ചിയിലേക്ക് മൂത്രം ശരിയായി ഒഴുകാന്‍ കഴിയാത്ത അവസ്ഥയ്ക്ക് (യൂറിറ്റെറോഹൈഡ്രോനെഫ്രോസിസ്) കാരണമാകുന്നതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നു.

ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ക്ലിനിക്കല്‍ ഉപദേശം ഇല്ലാതെ തന്നെ മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കാവുന്ന സാഹചര്യം നിലനില്‍ക്കുന്നതും പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നു എന്നും ജേണല്‍ ചൂണ്ടിക്കാട്ടുന്നു. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗത്തിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ശരിയായ ആകൃതി, വലുപ്പം, ഇന്‍സേര്‍ഷന്‍ രീതി എന്നിവ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കണമെന്നും പഠനം പറയുന്നു.

മെന്‍സ്ട്രല്‍ കപ്പുകള്‍ ഏകദേശം 6 മുതല്‍ 12 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാം. എന്നാല്‍ ആദ്യ ഉപയോഗത്തില്‍ പലര്‍ക്കും കപ്പിന്റെ ഉപയോഗം കംഫര്‍ട്ട് ആകാന്‍ സാധ്യതയില്ല. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗത്തിന് ഒപ്പം തന്നെ ശ്രദ്ധ വേണ്ടതാണ് ഉപയോഗ ശേഷം കപ്പുകള്‍ പുറത്തെടുക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

content highlight : poorly-positioned-menstrual-cup-may-create-rare-case-of-ureterohydronephrosis