Kerala

പക്ഷിപ്പനി: വളർത്തു പക്ഷികൾക്കുള്ള നഷ്ടപരിഹാരം വിതരണത്തിനെത്തി

ആലപ്പുഴ: പക്ഷിപ്പനി കാരണം ചത്തതും കൊന്നൊടുക്കിയതുമായ വളർത്തു പക്ഷികൾക്കുള്ള നഷ്ടപരിഹാരം വിതരണത്തിനെത്തി. 6ന് ആലപ്പുഴയിൽ വച്ചു നടത്തിയ യോഗത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി കർഷകർക്കുള്ള നഷ്ടപരിഹാര വിതരണം ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ആർക്കും പണം ലഭിച്ചിരുന്നില്ല. യോഗത്തിനെത്തിയ നൂറോളം കർഷകർക്കു പണം ലഭിച്ചെന്ന് ഒപ്പിട്ടു വാങ്ങി സർട്ടിഫിക്കറ്റ് മാത്രമാണു വേദിയിൽ വിതരണം ചെയ്തത്.

കഴിഞ്ഞ ദിവസം ജില്ലാ മൃഗസംരക്ഷണ ഓഫിസുകളുടെ അക്കൗണ്ടിലേക്കു പണം എത്തിയതോടെ കർഷകരുടെ അക്കൗണ്ടിലേക്കു വിതരണം ചെയ്യാനുള്ള നടപടി തുടങ്ങി. അടുത്ത ദിവസങ്ങളിൽ കർഷകരുടെ അക്കൗണ്ടിലേക്കു പണം ലഭിക്കും. 2024 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പക്ഷിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്തത്. അന്നു വളർത്തു പക്ഷികളെ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരമാണു മാസങ്ങൾക്കു ശേഷം ഇപ്പോൾ വിതരണം ചെയ്യുന്നത്. 3.06 കോടി രൂപയാണു മൃഗസംരക്ഷണ വകുപ്പ് നഷ്ടപരിഹാരമായി നൽകുന്നത്. ഇതിൽ 88% തുകയേ ഇതുവരെ അനുവദിച്ചിട്ടുള്ളൂ. കേന്ദ്ര വിഹിതം വൈകിയതിനാൽ 12% അനുവദിച്ചിട്ടില്ല.

ജനുവരിയിൽ താറാവു കർഷകർ സമരത്തിലേക്കു നീങ്ങുന്നതിനിടെയാണു നഷ്ടപരിഹാരം ഉടൻ അനുവദിക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചത്. ഏതാനും ദിവസങ്ങൾക്കു ശേഷം സമ്മേളനം നടത്തി സർട്ടിഫിക്കറ്റുകൾ മാത്രം വിതരണം ചെയ്യുകയായിരുന്നു. ഇതിനെതിരെ കർഷകർ പ്രതിഷേധമുയർത്തിയതിനു പിന്നാലെയാണു നടപടിക്രമങ്ങൾ പൂർത്തിയാക്കി പണം അതതു ജില്ലാ ഓഫിസുകളിലെത്തിയത്.