കൊച്ചി: പാതിവില തട്ടിപ്പിൽ ഗുണഭോക്താക്കളുടെയും തട്ടിപ്പിനിരയായവരുടെയും മൊഴിയെടുക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഇസിഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. കോടികളുടെ തട്ടിപ്പിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ, തട്ടിയെടുത്ത പണം പ്രതി അനന്തു കൃഷ്ണൻ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഇഡി.
തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘം ഇന്ന് യോഗം ചേർന്നേക്കും. ക്രൈം ബ്രാഞ്ച് എസ്പി എം.ജെ സോജന്‍റെ നേതൃത്വത്തിലുള്ള സംഘം വിവിധ സ്റ്റേഷനുകളിലെ കേസ് ഫയലുകൾ ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രാഥമിക വിവര ശേഖരണം ഇഡി നടത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ എഫ്ഐആർ ഇഡി പരിശോധിച്ചിരുന്നു. ഈ അന്വേഷണം പൂർത്തിയാക്കിയാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതി അനന്തു കൃഷ്ണന്‍റെ അക്കൗണ്ടിൽ 450 കോടി വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നത് ഇഡി അന്വേഷിക്കും. സൈൻ ട്രസ്റ്റിന്‍റെ മറവിലോ എൻജിഒ കോൺഫെഡറേഷന്‍റെ മറവിലോ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നും ഇഡി കണ്ടെത്തും. പ്രധാനമന്ത്രിയുടെ ചിത്രം വെച്ചുള്ള തട്ടിപ്പാണ് അനന്തു നടത്തിയതെന്ന് ഐബി റിപ്പോർട്ട് നൽകിയിരുന്നു.