തിരുവനന്തപുരം: തിരുവനന്തപുരം – കണ്ണൂർ പുതിയ വേഗപാതാ പദ്ധതി സംബന്ധിച്ച തുടർനടപടികൾ സംസ്ഥാനം കേന്ദ്രവുമായി നടത്തുന്ന പ്രാഥമിക ചർച്ചകൾക്കു ശേഷമുണ്ടാകുമെന്നു സൂചന. സംസ്ഥാന സർക്കാർ പദ്ധതി ശുപാർശ തയാറാക്കി റെയിൽവേ ബോർഡിലേക്ക് അയയ്ക്കുകയാണ് അടുത്ത പടി. പുതിയ വേഗപാതയുടെ അലൈൻമെന്റ് പല സ്ഥലങ്ങളിലും പഴയ ഹൈസ്പീഡ്, സിൽവർലൈൻ പദ്ധതികളുടെ അലൈൻമെന്റിനു സമീപത്തു കൂടിയാകും. സിൽവർലൈൻ പാത തറനിരപ്പിലായതാണു പ്രതിഷേധം വിളിച്ചുവരുത്തിയത്.
സിൽവർലൈനും പുതിയ വേഗപാതാ പദ്ധതിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഭൂമിയേറ്റെടുക്കൽ കുറയും എന്നതാണ്. വേഗപാത തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും നിർമിക്കാനാണു നിർദേശിച്ചിരിക്കുന്നത്. നിർമാണസമയത്ത് 20 മീറ്റർ വീതിയിൽ ഭൂമി ആവശ്യമാണെങ്കിലും പിന്നീട് ഭൂമി ഉടമകൾക്കു ലീസിനു തിരികെ നൽകാം. തൂണുകൾക്കിടയിൽ മരങ്ങൾ നടാനോ കെട്ടിടങ്ങൾ നിർമിക്കാനോ കഴിയില്ല. അതേസമയം കൃഷിക്കു തടസ്സമുണ്ടാകില്ല.