ന്യൂഡൽഹി: പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കുള്ളിൽ വിള്ളലുണ്ടെന്ന വാർത്തകൾ മുഖ്യമന്ത്രി ഭഗവന്ത് മാൻ നിഷേധിച്ചു. എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ വിളിച്ചുചേർത്ത പഞ്ചാബിൽ നിന്നുള്ള എംഎൽഎമാരുടെയും മന്ത്രിമാരുടെയും യോഗത്തിനു പിന്നാലെയാണു പാർട്ടിക്കുള്ളിൽ വിമതശബ്ദം ഉയരുന്നുവെന്ന വാർത്തകൾ മാൻ തള്ളിയത്. 30 എഎപി എംഎൽഎമാർ പാർട്ടി വിടാൻ തയാറെടുത്തു നിൽക്കുകയാണെന്നു പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്‌വയാണു പറഞ്ഞത്.
‘കൂറുമാറ്റം കോൺഗ്രസിന്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാനിരിക്കുമ്പോൾ അവർ സ്വന്തം വീഴ്ചകൾ കാണാതെ പോകുന്നു. കോൺഗ്രസിനു ഡൽഹിയിൽ എത്ര എംഎൽഎമാരുണ്ടെന്നാണു ബാജ്‌വയോടു ചോദിക്കാനുള്ളത്– മാൻ പറഞ്ഞു. യോഗത്തിന്റെ വിശദവിവരങ്ങളെക്കുറിച്ചു ഡൽഹി എഎപി വക്താക്കളിൽനിന്നു പ്രതികരണമുണ്ടായിട്ടില്ല. ഡൽഹിയിലെ കനത്ത തോൽവിക്കു പിന്നാലെ കേജ്‌രിവാൾ പഞ്ചാബ് എംഎൽഎമാരുടെ യോഗം ഡൽഹിയിൽ വിളിച്ചുചേർത്തതിൽ ദുരൂഹതയുണ്ടെന്നു കോൺഗ്രസ്, ബിജെപി നേതാക്കൾ ആരോപിച്ചു. പഞ്ചാബിൽ എഎപി സർക്കാരിനെ ഡൽഹിയിൽ നിന്നാണു നിയന്ത്രിക്കുന്നതെന്നതു പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്നാണ്.