Kerala

പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍. അശ്വിന്‍ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിന്റെ പെൺസുഹൃത്തുമായുള്ള അടുപ്പത്തിന്റെ പേരിലാണ് തട്ടികൊണ്ടുപോകല്‍ എന്നാണ് സൂചന. തട്ടികൊണ്ടുപോയ വിദ്യാർഥിയെ പ്രതികൾ കോംപസ് ഉപയോഗിച്ചു മുറിവേൽപ്പിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി ഏഴു മണിയോടെ തട്ടികൊണ്ടുപോയ വിദ്യാർഥിയെ 10 മണിയോടെ ആറ്റിങ്ങലിനു സമീപം കീഴാറ്റിങ്ങലിലുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. കാറിലെത്തിയ നാലംഗ സംഘം ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇതിനു പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും മറുതലയ്ക്കൽ പ്രതികൾ അസഭ്യം ചൊരിയുകയായിരുന്നു. പൊലീസ് ഫോണില്‍ സംസാരിച്ചപ്പോഴും ഇതു തുടർന്നു. ഇതിനു ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫായി. ദിവസങ്ങൾ മുൻപും വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.