കിടിലൻ സ്വാദിൽ ഒരു ഞണ്ട് മസാല തയ്യാറക്കിയാലോ? ചോറിനു ഈ ഞണ്ടുകറി മാത്രം മതി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ഞണ്ട് കഴുകി വൃത്തിയാക്കിയത്- 3/4 കിലോ
- സവാള- 4 വലുത്
- പച്ചമുളക്-5 എണ്ണം
- ചെറിയുള്ളി-12 എണ്ണം( രണ്ടായി മുറിച്ചത്)
- വെളുത്തുള്ളി-20 അല്ലി
- ഇഞ്ചി-2 വലിയ കഷ്ണം
- മല്ലിയില- ചെറുതായി അരിഞ്ഞത് ആവശ്യത്തിന്
- കറിവേപ്പില- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- തക്കാളി-2 വലുത് ( ചെറുതായി അരിഞ്ഞത്)
- വെളിച്ചെണ്ണ- മസാല വഴറ്റാന്‍ ആവശ്യമുള്ള അത്രയും
- കുടംപുളി -ഒരു ചെറിയ കഷ്ണം
- മഞ്ഞള്‍പൊടി- 1 ടീസ്പൂണ്‍
- മല്ലിപ്പൊടി-3 ടേബിള്‍സ്പൂണ്‍
- സാധാ മുളകുപൊടി- ഒന്നര ടേബിള്‍സ്പൂണ്‍
- കാശ്മീരി മുളകുപൊടി- 1 ടേബിള്‍സ്പൂണ്‍
- കുരുമുളകുപൊടി-2 ടേബിള്‍സ്പൂണ്‍
- ഗരംമസാലപ്പൊടി-1 ടേബിള്‍സ്പൂണ്‍
- ചെറുചൂടുവെള്ളം-1/2 ഗ്ലാസ്
തയാറാക്കുന്ന വിധം
ഒരു ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ഒഴിക്കുക, വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ അതിലേക്ക് കറിവേപ്പിലയും വളരെ നേര്‍മയായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ചേര്‍ക്കുക. സവാള ഒന്ന് ചൂടായി വഴന്നുവരുമ്പോള്‍ അതിലേക്ക് ചെറിയുള്ളി, ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, അരിഞ്ഞുവെച്ച പച്ചമുളക് എന്നിവ ചേര്‍ക്കുക.
ഇതെല്ലാം നന്നായി വാടി വരുമ്പോള്‍ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന മഞ്ഞള്‍പ്പൊടിയും, മല്ലിപ്പൊടിയും ചേര്‍ക്കുക. ഇതൊന്നു കുറച്ച് ചൂടാകുമ്പോള്‍ ബാക്കിയുള്ള പൊടികളും… മുളകുപൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവയും ചേര്‍ത്ത് നന്നായി ഇളക്കി മൊരിഞ്ഞു വരുമ്പോള്‍ മാത്രം തക്കാളി ചേര്‍ക്കുക.
മസാലയും തക്കാളിയും നന്നായി കുഴഞ്ഞു വരുമ്പോള്‍ ആവശ്യത്തിന് ഉപ്പും, അര ഗ്ലാസ് ചെറു ചൂട് വെള്ളവും, ഒരു കഷ്ണം കുടംപുളിയും, മല്ലിയിലയും, അതിലേക്ക് വൃത്തിയാക്കി മുറിച്ചു വച്ചിരിക്കുന്ന ഞണ്ടും ചേര്‍ത്ത് മീഡിയം തീയില്‍ അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക.
പിന്നീട് തീ സിമ്മില്‍ ആക്കി 20 മിനിറ്റ് കൂടെ മൂടിവെച്ച് വേവിക്കുക ഇടയ്ക്ക് മൂടി തുറന്നു രണ്ടോ മൂന്നോ പ്രാവശ്യം കറി നന്നായി ഇളക്കി കൊടുക്കണം. അരമണിക്കൂറിന് ശേഷം അടുപ്പ് ഓഫ് ചെയ്യുക.