പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഐഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിയെ നാടുകടത്തി. ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാവൈസ് പ്രസിഡൻറ് ഇഡ്ഡലി എന്ന ശരൺ ചന്ദ്രനെയാണ് നാടുകടത്തിയത്. കാപ്പാക്കേസ് പ്രതിയെ മന്ത്രി വീണാ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു. കാപ്പാക്കേസ് പ്രതി അല്ലെന്നും സ്വയം തിരുത്താനുമാണ് പാർട്ടിയിൽ എത്തിയതെന്നുമായിരുന്നു സിപിഎം വിശദീകരണം.
ഇഡ്ഡലി എന്നാണ് ശരൺ ചന്ദ്രൻ്റെ വിളിപ്പേര്. പാര്‍ട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം ശരൺ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാൽ പത്തനംതിട്ടയിൽ മലയാലപ്പുഴ മേഖലയിൽ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്ത് പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു. പലരും വാട്സ്ആപ്പുകളിലും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഈ സ്വീകരണ നടപടിയെ വിമര്‍ശിച്ചു. മന്ത്രി പങ്കെടുത്ത പരിപാടിയിൽ കാപ്പാ കേസ് പ്രതിക്ക് സ്വീകരണം നൽകുന്ന കാര്യം പൊലീസിൻ്റെ ഇൻ്റലിജൻസ് സംവിധാനം മനസിലാക്കാതിരുന്നതും മുന്നറിയിപ്പ് നൽകാതിരുന്നതും എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നിരുന്നു. എന്നാല്‍, ശരൺ ചന്ദ്രൻ നിലവിൽ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞു എന്നുമായിരുന്നു ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അന്ന് വിശദീകരിച്ചത്.