പത്തനംതിട്ട: അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിയായിരുന്ന പത്തൊമ്പതുകാരി ഗായത്രിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അമ്മ രാജി. അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിയായിരുന്ന ഗായത്രിയെ സൈനിക റിക്രൂട്ട്മെൻറ് പരിശീലന കേന്ദ്രത്തിലെ അധ്യാപകൻ നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് അമ്മ പറഞ്ഞു.
മകളെ അധ്യാപകൻ ആദ്യം ഡേറ്റിങിന് ക്ഷണിച്ചുവെന്നും വഴങ്ങാതെ വന്നപ്പോൾ ഭീഷണിയായെന്നും അമ്മ രാജി പറഞ്ഞു. വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മകളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഇത് കാട്ടി അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും രാജി ആരോപിച്ചു. അതേസമയം അധ്യാപകനിൽ നിന്ന് ഗായത്രി കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് അമ്മ ആരോപിച്ചിരുന്നു.
അതേസമയം പോസ്റ്റ്മോർട്ടതിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ആരോപണം നേരിടുന്ന അടൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇന്നലെ യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് കൂടൽ പോലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് പോലീസിന് കിട്ടിയിട്ടുണ്ട്. മരണത്തിൽ ആർക്കും പങ്കില്ലെന്നാണ് എഴുതിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
അഗ്നിവീർ കോഴ്സ് വിദ്യാർഥിയായ മുറിഞ്ഞ കല്ല് സ്വദേശിയായ ഗായത്രിയെയാണ് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പെൺകുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അടൂരിലെ ആർമി റിക്രൂട്ട്മെൻ്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാർഥിയായിരുന്ന ഗായത്രി. ഗായത്രിയുടെ മരണത്തിന് പിന്നിൽ പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണെന്നാണ് പെൺകുട്ടിയുടെ അമ്മ ആരോപിച്ചത്.