Celebrities

സേതു അണ്ണൻ തന്ന മൂന്ന് ലക്ഷം രൂപ കൊണ്ടാണ് സഹോദരിയുടെ വിവാഹച്ചെലവ് നടത്തിയത്, തന്നെ സഹായിക്കാൻ എപ്പോഴും അദ്ദേഹം മുന്നിലുണ്ടായിരുന്നു| Manikandan K

സഹനടനായി കരിയര്‍ ആരംഭിച്ച് ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ താരമാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെയാണ് താരം നായകനായത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ താരം തന്റെ സാന്നിധ്യമറിയിച്ചു. ഇപ്പോഴിതാ, വിജയ് സേതുപതിയുടെ സ്നേഹവും കരുതലും ജീവിതത്തിൽ നേരിട്ടറിഞ്ഞ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് തമിഴ് നടൻ മണികണ്ഠൻ.

സഹോദരിയുടെ വിവാഹത്തിന് വേണ്ട വിധത്തിൽ വിളിക്കാതിരുന്നിട്ടു കൂടി, വിജയ് സേതുപതി ഓടിയെത്തി മൂന്നുലക്ഷം രൂപ കയ്യിൽ നിർബന്ധിച്ചേൽപ്പിച്ചു. വിവാഹം ഭംഗിയായി നടത്താൻ ആ പണം ഉപകരിച്ചെന്നു മണികണ്ഠൻ പറയുന്നു.

കൂടാതെ, ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ തന്നെ സഹായിക്കാൻ എപ്പോഴും വിജയ് സേതുപതി മുന്നിലുണ്ടായിരുന്നുവെന്നും മണികണ്ഠൻ വെളിപ്പെടുത്തി. ‘ചായ് വിത്ത് ചിത്ര’ എന്ന തമിഴ് അഭിമുഖ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എന്റെ അനുജത്തിയുടെ വിവാഹത്തിനു ഞാൻ വിജയ് സേതുപതി അണ്ണനെ ക്ഷണക്കത്ത് നൽകി കാര്യമായി ക്ഷണിച്ചിരുന്നില്ല. അനിയത്തിയുടെ കല്യാണം വരുന്നുണ്ട് എന്നുമാത്രമെ പറഞ്ഞിരുന്നുള്ളൂ. എന്നാൽ വിവാഹ ദിവസം ചടങ്ങുകൾ കഴിഞ്ഞ് ഞങ്ങൾ എല്ലാവരും മണ്ഡപത്തിൽ നിന്ന് പോകാൻനേരം സേതു അണ്ണൻ എന്നെ വിളിച്ചു. അദ്ദേഹം ചോദിച്ചു, ‘ഡേയ് നിന്റെ സഹോദരിയുടെ വിവാഹമല്ലേ ഇന്ന്’? ഞാൻ പറഞ്ഞു, ‘അതെ അണ്ണാ, കല്യാണം ഇപ്പോൾ കഴിഞ്ഞതേ ഉള്ളൂ’. ഉടനെ ലൊക്കേഷൻ അയയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു, വിവാഹം കഴിഞ്ഞ് ഞങ്ങൾ പോകാൻ നിൽക്കുകയാണ് എന്ന്. ഒരു 20 മിനിറ്റ് കൂടി ഞങ്ങൾ അവിടെ ഉണ്ടാകില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു, ഉണ്ടാകും.

അടുത്ത 20 മിനിറ്റിനുള്ളിൽ സേതു അണ്ണൻ അവിടെ എത്തി. അദ്ദേഹം പറഞ്ഞു, ‘‘എടാ നിന്റെ വീട്ടിലെ ഒരു കാര്യത്തിന് ഞാൻ വരാതിരുന്നാൽ മോശമല്ലേ’’. അദ്ദേഹം എന്റെ അപ്പയോടു പറഞ്ഞു, ‘‘നിങ്ങൾ അല്ലേ ഇവന്റെ അപ്പൻ, വളരെ നല്ല മകനെയാണ് നിങ്ങൾക്ക് ലഭിച്ചത്. അവൻ വളരെ നന്നായി വരും,’’ എന്ന്. അദ്ദേഹം പോകാൻ നേരം പെട്ടെന്ന് മൂന്ന് ലക്ഷം രൂപ എടുത്ത് എന്റെ കയ്യിൽ തന്നു. എന്നിട്ടു പറഞ്ഞു, ‘ഇത് പിടിക്ക്’. ഞാൻ വേണ്ടെന്നു പറഞ്ഞ് മടിച്ചു നിന്നപ്പോൾ അദ്ദേഹം പറഞ്ഞു, ‘നിനക്ക് പണം ആവശ്യമുള്ള സമയമാണ്, വച്ചോളൂ’എന്ന്.

പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. സേതു അണ്ണൻ തന്ന മൂന്നു ലക്ഷം രൂപ കൊണ്ടു മാത്രമാണ് ഞങ്ങൾക്ക് മണ്ഡപം വാടക മുതൽ പല വിവാഹച്ചെലവുകളും നടത്താൻ കഴിഞ്ഞത്. ഒടുവിൽ എല്ലാ ചെലവും കഴിഞ്ഞ് ഞാനും എന്റെ സുഹൃത്തും അവിടെ നിന്ന് മടങ്ങുമ്പോൾ ഞങ്ങളുടെ കയ്യിൽ അദ്ദേഹം തന്നതിൽ 700 രൂപ ബാക്കിയും ഉണ്ടായിരുന്നു. അദ്ദേഹം ആ പണം തന്നില്ലായിരുന്നെങ്കിൽ എനിക്ക് കടം വാങ്ങേണ്ടി വന്നേനേ. അത് അദ്ദേഹം എങ്ങനെ മനസ്സിലാക്കി പണവുമായി വന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തെന്നറിയില്ല എന്നോട് ഏറെ സ്നേഹമുള്ള ഒരു വ്യക്തിയാണ് സേതു അണ്ണൻ,”- മണികണ്ഠൻ പറയുന്നു.

മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതിയ്ക്ക് തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ആരാധകരുണ്ട്.