India

പുലര്‍ച്ചെ ക്ഷേത്രത്തിൽ വിവാഹം; താലി ധരിച്ച് യൂണിഫോമില്‍ സ്‌കൂളിലെത്തി പതിനാലുകാരി; ശൈശവ വിവാഹത്തില്‍ വരനടക്കം അഞ്ച് പേര്‍ക്കെതിരെ കേസ് | child marriage arrest

പെണ്‍കുട്ടി സ്‌കൂളില്‍ താലി ധരിച്ചെത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെ അധ്യാപകര്‍ സാമൂഹിക ക്ഷേമ വകുപ്പിനെ അറിയിക്കുകയായിരുന്നു

കൃഷ്ണഗിരി: ശൈശവ വിവാഹത്തില്‍ വരനടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. 14 വയസ്സുകാരിയുടെ വിവാഹം നടത്തിയെന്ന പരാതിയില്‍ ആണ് കേസ്. വരനും മാതാപിതാക്കളും പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഉള്‍പ്പെടെയാണ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തത്.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. പെണ്‍കുട്ടി സ്‌കൂളില്‍ താലി ധരിച്ചെത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെ അധ്യാപകര്‍ സാമൂഹിക ക്ഷേമ വകുപ്പിനെ അറിയിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നതെന്നും ശേഷം സ്‌കൂളിലേക്ക് വരികയായിരുന്നുവെന്നും സാമൂഹിക ക്ഷേമ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 25 കാരനാണ് വരന്‍.

ഒരു ആഘോഷത്തിനായി താന്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങിച്ചെന്നും അതിന് ശേഷം സ്‌കൂളിലേക്ക് വരുമെന്നും പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ താലി ധരിച്ച് യൂണിഫോമില്‍ തന്നെയാണ് വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത്. സുഹൃത്തുക്കള്‍ ഇതിനെക്കുറിച്ച് തിരക്കിയപ്പോള്‍ വിവാഹം കഴിഞ്ഞെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ക്ഷേത്രത്തിന് മുന്നില്‍വെച്ച് ഇരുട്ടിലായിരുന്നു വിവാഹമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

സാമൂഹിക ക്ഷേമ വിഭാഗം നല്‍കിയ പരാതിയിലാണ് കൃഷ്ണഗിരി പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരം വരെയും പ്രതികളില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.