പ്രയാഗ്‌രാജില്‍ മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി മുകേഷ് അംബാനിയും അമ്മയും മക്കളും കൊച്ചുമക്കളും. മുകേഷ് അംബാനിയും അമ്മ കൊകിലാബെനും മക്കളായ ആകാശും അനന്തും മരുമക്കളായ ശ്ലോകയും രാധികയും കൊച്ചുമക്കളായ പൃഥ്വിയും വേദയും സഹോദരിമാരായ ദീപ്തി സല്‍ഗോക്കറും നീന കോത്താരിയും ഒരുമിച്ചാണ് ചൊവ്വാഴ്ച്ച സ്‌നാനം ചെയ്തത്. അംബാനി കുടുംബത്തിലെ നാല് തലമുറയില്‍ പെട്ടവരാണ് ഒരുമിച്ച് പ്രയാഗ് രാജില്‍ പുണ്യസ്‌നാനം നടത്തിയത്. അംബാനിയുടെ അമ്മായിയമ്മ പൂനംബെന്‍ ദലാലും സഹോദരി ഭര്‍ത്താവിന്റെ സഹോദരി മംമ്താബെന്‍ ദലാലും ഇവരോടൊപ്പം ഉണ്ടായിരുന്നു.
ഗംഗ, യമുന, സരസ്വതി എന്നീ പുണ്യനദികളുടെ സംഗമസ്ഥാനത്ത് ലക്ഷക്കണക്കിന് ഭക്തരോടൊപ്പം അംബാനി കുടുംബത്തിലെ നാല് തലമുറയും ആത്മീയ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു. നിരഞ്ജനി അഖാഡയിലെ സ്വാമി കൈലാസാനന്ദ് ഗിരിജി മഹാരാജ് ഗംഗാപൂജ നടത്തി. അതിനുശേഷം, അംബാനി പര്‍മാര്‍ഥ് നികേതന്‍ ആശ്രമത്തിലെ സ്വാമി ചിദ്ദാനന്ദ് സരസ്വതി മഹാരാജിനെ കണ്ടു. ആശ്രമത്തില്‍ അംബാനി കുടുംബം മധുരപലഹാരങ്ങളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ‘തീര്‍ഥ് യാത്രി സേവ’ എന്ന സംരംഭത്തിലൂടെ മഹാകുംഭ് തീര്‍ഥാടകര്‍ക്ക് വ്യാപകമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരത്തില്‍ സ്വയം കണ്ടെത്തലിനും ദൈവാനുഗ്രഹത്തിനും പ്രയാഗ്‌രാജില്‍ ഒത്തുചേരുമ്പോള്‍ തീര്‍ഥാടകരുടെ ക്ഷേമം ഉറപ്പാക്കുക എന്നതും അംബാനി കുടുംബത്തിന്റെ ലക്ഷ്യമാണ്.
‘വീ കെയര്‍’ എന്ന തത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന റിലയന്‍സ്, തീര്‍ഥാടകര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം (അന്ന സേവ), സമഗ്രമായ ആരോഗ്യ സംരക്ഷണം, സുരക്ഷിതമായ ഗതാഗതം, മെച്ചപ്പെട്ട കണക്റ്റിവിറ്റി തുടങ്ങി വിവിധ സേവനങ്ങള്‍ നല്‍കുന്നു. പുണ്യജലത്തിലെ സുരക്ഷ, സുഖപ്രദമായ വിശ്രമ സ്ഥലങ്ങള്‍, വ്യക്തമായ ദിശാ സൂചന, ഭരണസംവിധാനത്തെ പിന്തുണയ്ക്കുന്ന സൗകര്യങ്ങള്‍ എല്ലാം റിലയന്‍സ് നല്‍കിവരുന്നു.
STORY HIGHLIGHT: ambani family prayagraj triveni sangam