Celebrities

‘രാംചരണ് വീണ്ടും മകളുണ്ടാകുമോയെന്ന് ഭയം, പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ ചെറുമകൻ വേണം’: വിവാദത്തിലായി ചിരഞ്ജീവിയുടെ പരാമര്‍ശം

‘ബ്രഹ്‌മ ആനന്ദം’ എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ മെഗാസ്റ്റാർ ചിരഞ്ജീവി നടത്തിയ പരാമർശം വിവാദമാകുന്നു. തൻ്റെ പാരമ്പര്യം നിലനിർത്താൻ കുടുംബത്തിൽ ചെറുമകൻ ഇല്ലാത്തതിനെ പറ്റിയാണ് ഇവൻ്റിനിടെ മെഗാസ്റ്റാർ സംസാരിച്ചത്. സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ചിരഞ്ജീവിക്കെതിരെ ഉയരുന്നത്.

ചുറ്റും സ്ത്രീകളാണെന്നും ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് താന്‍ ജീവിക്കുന്നതെന്നായിരുന്നു മെഗാസ്റ്റാറിന്റെ വാക്കുകൾ. കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനുണ്ടായെങ്കിലെന്ന് താനാഗ്രഹിക്കുന്നുവെന്നും ചിരഞ്ജീവി പറഞ്ഞു.

മകൻ രാം ചരണിന് വീണ്ടും പെണ്‍കുട്ടി തന്നെ ജനിക്കുമോയെന്ന് തനിക്ക് പേടിയാണെന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു. ‘ഞാനെപ്പോഴും ആഗ്രഹിക്കുകയും രാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട്. ഇത്തവണയെങ്കിലും നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം തുടരാന്‍ ഒരു ആണ്‍കുട്ടിയുണ്ടാകാന്‍. പക്ഷേ അവന് കണ്ണിലെ കൃഷ്ണമണിയാണ് അവന്റെ മകള്‍’- ചിരഞ്ജീവി പറഞ്ഞു.

രാംചരണിനും ഭാര്യ ഉപാസനയയ്ക്കും 2023 ജൂണിലാണ് പെൺകുഞ്ഞായ ക്ലിൻ കാര പിറന്നത്. രാംചരണിനെ കൂടാതെ രണ്ട് പെൺമക്കളാണ് ചിരഞ്ജീവിക്കുള്ളത്. ശ്രീജ കൊനിഡെലയും സുഷ്മിത കൊനിഡെലയും. ശ്രീജയ്ക്കും സുഷ്മിതയ്ക്ക് രണ്ട് പെൺമക്കൾ വീതമാണുള്ളത്.

സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ചിരഞ്ജീവിക്കെതിരെ ഉയരുന്നത്. ചിരഞ്ജീവി ഉപയോഗിച്ച വാക്കുകൾ സങ്കടകരമെന്ന് പല കമൻ്റുകളും പറയുന്നു. ഒരു പെൺകുട്ടിയാണെങ്കിൽ എന്തിനാണ് ഭയം. ആൺകുട്ടികൾ ചെയ്യുന്നത് പോലെയോ അതിലും മികച്ചതോ ആയി അവർ പാരമ്പര്യം കൊണ്ടുപോകില്ലെ.എന്തിനാണ് പരസ്യമായി ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞ് സമൂഹത്തെ പിന്നിലേക്ക് കൊണ്ടുപോകുന്നു. എന്ത് അധഃപതിച്ച ചിന്തയാണ്. വീഡിയോ പങ്കുവെച്ച് കൊണ്ട് നിരവധി ആളുകൾ പ്രതികരിക്കുന്നു.