India

കുട്ടി ആരാധകരെ, സമയമായിട്ടില്ല; 18 വയസിൽ താഴെയുള്ളവർക്ക് അംഗത്വം നൽകില്ലെന്ന് ടി വി കെ | no memebership for students under 18 tvk

കുട്ടികളുടെ വിഭാഗം രൂപീകരിച്ചത് ഡിഎംകെ അടക്കം വിമർശച്ചിരുന്നു

ചെന്നൈ: കുട്ടികളെ പാർട്ടിയിൽ എടുക്കില്ലെന്ന് വിജയ് യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ). 18 വയസ്സിൽ താഴെയുള്ളവർക്ക് പാർട്ടി അംഗത്വം നൽകില്ല. കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമയാണ് വിഭാഗം രൂപീകരിച്ചതെന്നും ടി വി കെ വ്യക്തമാക്കി. കുട്ടികളുടെ വിഭാഗം രൂപീകരിച്ചത് ഡിഎംകെ അടക്കം വിമർശച്ചിരുന്നു.

28 പോഷകസംഘടനകളുടെ കൂട്ടത്തിലാണ് ടി വി കെയുടെ കുട്ടികളുടെ വിംഗ് എന്ന പേരുണ്ടായിരുന്നത്. കുട്ടികളെ ഏത് രീതിയിലാണ് ടി വി കെയുടെ പ്രവർത്തനത്തിൽ സഹകരിപ്പിക്കുക എന്നതിൽ വ്യക്തത ഇല്ലായിരുന്നു.

അതേസമയം ഐ ടി, കാലാവസ്ഥാ പഠനം, ഫാക്ട് ചെക്, എന്നിങ്ങനെ വിവിധ വിഭാഗങ്ങളും ടി വി കെ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ, ഭിന്നശേഷിക്കാർ, വിരമിച്ച സർക്കാർ ജീവനക്കാർ, പ്രവാസികൾ എന്നിവർക്കായും പ്രത്യേകം വിഭാഗങ്ങളുണ്ടാകും. ചെന്നൈയിലെത്തിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ടി വി കെ നേതാക്കളുമായി ചർച്ച നടത്തി എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതടക്കം കാര്യങ്ങൾ പ്രശാന്ത് കിഷോർ, ടി വി കെ നേതൃത്വവുമായി ചർച്ച ചെയ്തെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ടി വി കെ നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രശാന്ത് കിഷോറുമായി എന്തൊക്കെ കാര്യങ്ങളാണ് ചർച്ച നടത്തിയതെന്നും ടി വി കെ നേതൃത്വം പുറത്തുവിട്ടിട്ടില്ല.