Kerala

അച്ഛന്റെ മറ്റൊരു ബന്ധത്തെ ചോദ്യം ചെയ്തു; അമ്മ നേരിട്ടത് ക്രൂരമർദനമെന്ന് മകൾ; കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോലീസ്, പോസ്റ്റ്‌മോർട്ടം നടത്തും | body exhumed post mortem to be conducted

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും

ചേർത്തല: വീട്ടമ്മയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ചേർത്തല മുട്ടം പണ്ടകശാല പറമ്പിൽ വിസി സജി (48)യുടെ കല്ലറ തുറന്നാണ് മൃതദേഹം പുറത്തെടുത്തത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് സജി മരിച്ചത്.

സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൾ ചേർത്തല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഭർത്താവ് സോണിയെ കസ്റ്റഡിയിൽ എടുത്തത്. അച്ഛന്റെ മർദനമേറ്റാണ് മരണമെന്നാണ് മകൾ പരാതിയിൽ പറയുന്നത്. ജനുവരി എട്ടിന് രാത്രി സജിയെ ഭർത്താവ് മർദിക്കുകയും ഭിത്തിയിൽ തല ബലമായി ഇടിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. തുടർന്നാണ് സജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു സജി. അമ്മയെ കൊലപ്പെടുത്താനാണ് അച്ഛന്‍ ശ്രമിച്ചതെന്ന് മകൾ ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും അമ്മയെ ആശുപത്രിയില്‍ എത്തിച്ചിട്ടില്ല. ഒന്നരമണിക്കൂറോളം അമ്മ രക്തം വാര്‍ന്നു കിടന്നുവെന്നും മകൾ ആരോപിച്ചു. പിതാവിന് മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും മകൾ പറഞ്ഞു.

സോണിയെ ചോദ്യം ചെയ്ത ശേഷമാകും മറ്റുനടപടികളിലേക്ക് കടക്കുകയെന്ന് പൊലീസ് പറഞ്ഞു.