Sports

ഒരൊറ്റ റണ്‍സ് ലീഡിലൂടെ കേരളം രഞ്ജി ട്രോഫി സെമിയില്‍; ഇത് ആറ് വര്‍ഷത്തിന് ശേഷമുള്ള ചരിത്ര നേട്ടം | ranji trophy kerala jammu quarter final match

ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലാണ് മത്സരം

പുണെ: കേരളവും ജമ്മു-കശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മാച്ച് സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാമിന്നിങ്‌സില്‍ നേടി ഒരു റണ്‍സ് ലീഡിലൂടെ കേരളം സെമിയിലേക്ക് കുതിച്ചു. ആറ് വര്‍ഷത്തിന് ശേഷമാണ് കേരളം രഞ്ജി ട്രോഫി സെമിയിലെത്തുന്നത്.

കേരളത്തിന് രണ്ടാം ഇന്നിങ്‌സില്‍ 398 റണ്‍സാണ് വേണ്ടിയിരുന്നത്. മുഹമ്മദ് അസറുദ്ദീനും സൽമാനൊപ്പം ഉജ്വല ചെറുത്തുനിൽപ്പ് നടത്തി. അസറുദ്ദീൻ 118 പന്തിൽ നിന്ന് 67 ഉം സൽമാൻ 162 പന്തിൽ നിന്ന് 44 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. സെമിയിൽ‌ ​ഗുജറാത്താണ് കേരളത്തിന്റെ എതിരാളി. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലാണ് മത്സരം. രണ്ടാം സെമിയിൽ മുംബൈയും വിദർഭയും മത്സരിക്കും. 2018-19 സീസണിലാണ് ഇതിന് മുൻപ് കേരളം രഞ്ജി സെമിയിലെത്തിയത്. അന്ന് ലസെമിയിൽ വിദർഭയോടാണ് പരാജയപ്പെട്ടത്.

ക്വാർട്ടറിൽ ജമ്മു കശ്മീർ ഉയർത്തിയ 399 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിങ് തുടർന്ന കേരളം ശ്രദ്ധയോടെയാണ് കളിച്ചത്. ജയിക്കാൻ ശ്രമിക്കുന്നതിനേക്കാൾ തോൽക്കാതിരിക്കാനാണ് കേരളം ശ്രദ്ധിച്ചത്. മത്സരത്തിൽ തോൽക്കാതിരുന്നാൽ തന്നെ കേരളത്തിന് സെമിയിലെത്താമെന്ന സ്ഥിതിയായിരുന്നു. ആദ്യ ഇന്നിങ്സിൽ നിർണായക ലീഡ് നേടാനായതാണ് ടീമിന് രക്ഷയായത്. മത്സരം സമനിലയിലായതിനാൽ ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തിൽ കേരളം സെമിയിലെത്തി. ഒന്നാമിന്നിങ്സിൽ ഒരു റണ്ണിന്റെ ലീഡാണ് കേരളം നേടിയത്.