ഭൂമിക്ക് ഭീഷണിയാവാന്‍ നേരിയ സാധ്യതയുള്ള 2024 വൈആര്‍4 ഛിന്നഗ്രഹത്തെ നിരീക്ഷിക്കാനും പ്രതിരോധിക്കാനും നീക്കവുമായി ചൈനയും. ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാന്‍ പ്ലാനറ്ററി ഡിഫന്‍സ് ടീം തയ്യാറാക്കാന്‍ ചൈന അപേക്ഷ ക്ഷണിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ബഹിരാകാശ വിദഗ്ധരെയാണ് ഈ സംഘത്തിലേക്ക് ചൈന തേടുന്നത്. 2024 വൈആര്‍4 ഛിന്നഗ്രഹത്തെ നിരീക്ഷിക്കുകയും അതിവേഗം മുന്നറിയിപ്പുകള്‍ നല്‍കുകയുമാണ് ഈ സംഘത്തിന്‍റെ ചുമതല.
ചൈനയ്ക്ക് പുറമെ അമേരിക്കയുടെ നാസയും, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും Asteroid 2024 YR4-നെ വിടാതെ പിന്തുടരുന്നുണ്ട്. 2032 ഡിസംബര്‍ 22ന് ഭൂമിയുമായി കൂട്ടിയിടിക്കാന്‍ 2.3 ശതമാനം സാധ്യതയാണ് 2024 വൈആര്‍4 ഛിന്നഗ്രഹത്തിന് ഇപ്പോള്‍ കല്‍പിക്കപ്പെടുന്നത്. ഭൂമിയില്‍ പതിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും 2024 വൈആര്‍4 ഛിന്നഗ്രഹത്തിന് ഒരു ചെറിയ നഗരം തരിപ്പണമാക്കാനുള്ള വലിപ്പവും പ്രഹരശേഷിയുമുണ്ട്. 130 മുതല്‍ 300 അടി വരെ വ്യാസം കണക്കാക്കുന്ന വൈആര്‍4 ഛിന്നഗ്രഹത്തെ 2024 ഡിസംബറിലാണ് കണ്ടെത്തിയത്. ഇതിന് ശേഷം ബഹിരാകാശ ഗവേഷകര്‍ കനത്ത ജാഗ്രതയിലാണ്.
ബഹിരാകാശ രംഗത്ത് നിലവില്‍ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നാണ് ചൈന. നിയര്‍-എര്‍ത്ത് ഒബ്റ്റുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്ന രണ്ട് അന്താരാഷ്ട്ര സംഘങ്ങളായ ഇന്‍റര്‍നാഷണല്‍ ആസ്ട്രോയ്ഡ് വാണിംഗ് നെറ്റ്‌വര്‍ക്കിലെയും സ്പേസ് മിഷന്‍ പ്ലാനിംഗ് അഡ്വൈസറി ഗ്രൂപ്പിലെയും അംഗമാണ് ചൈന. ഛിന്നഗ്രഹ പ്രതിരോധ രംഗത്ത് ചൈന മികച്ച മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട് എന്നാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സിന്‍റെ നാഷണല്‍ സ്പേസ് സയന്‍സ് സെന്‍ററിലെ ഗവേഷകനായ ലീ മിങ്റ്റോയുടെ അവകാശവാദം. 2030-ഓടെ ബഹിരാകാശ പേടകം അയച്ച് ഒരു ഛിന്നഗ്രഹത്തിന്‍റെ പാത വ്യതിചലിപ്പിക്കാന്‍ ചൈന ലക്ഷ്യമിടുന്നുണ്ട്.
STORY HIGHLIGHTS : china-builds-planetary-defence-team-as-concerns-over-2024-yr4-asteroid