അരുണാചൽപ്രദേശിൽ 32 വർഷത്തിനിടെ 110 മഞ്ഞുപാളികൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ജേണൽ ഓഫ് എർത്ത് സിസ്റ്റം സയൻസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് 1988 നും 2020 നും ഇടയിൽ 110 മഞ്ഞുപാളികൾ അപ്രത്യക്ഷമായതായി പറയുന്നത്. 1988 ൽ 585.23 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 756 മഞ്ഞുപാളികൾ ഉണ്ടായിരുന്നതെങ്കിൽ 2020 ആയപ്പോഴേക്കും അത് 646 എണ്ണമുള്ള 275.381 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. സംസ്ഥാനത്തിന് ഓരോ വർഷവും 16.94 ചതുരശ്ര കിലോമീറ്റർ എന്ന തോതിൽ മഞ്ഞുപാളികൾ നഷ്ടപ്പെടുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.
നാഗാലാൻഡ് സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വകുപ്പിലെ വിംഹ റിറ്റ്സെ, അമേനുവോ സൂസൻ കുൽനു, ലതോങ്‌ലില ജാമിർ, ഗുവാഹത്തി കോട്ടൺ സർവകലാശാലയിലെ പരിസ്ഥിതി ജീവശാസ്ത്ര, വന്യജീവി ശാസ്ത്ര വകുപ്പിലെ നബാജിത് ഹസാരിക എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 4,500 നും 4,800 നും ഇടയിൽ ഉയരത്തിൽ വടക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന മഞ്ഞുപാളികളിലായിരുന്നു പഠനം. ഹിമാലയത്തിൽ, പ്രത്യേകിച്ച് കിഴക്കൻ മേഖലയിൽ മഞ്ഞുപാളികൾ കുറഞ്ഞു വരുന്നത് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പ്രധാന സൂചനയാണ് . കിഴക്കൻ ഹിമാലയത്തിൽ ആഗോള ശരാശരിയേക്കാൾ ഉയർന്ന തോതിൽ ചൂട് കൂടുന്നുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിൽ ഹിമാലയൻ പർവതനിരകളിൽ 1.6°C വരെ താപനില വർധനവ് ഉണ്ടായിട്ടുണ്ടെന്ന് കാലാവസ്ഥാ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഓരോ ദശകത്തിലും 0.1° C മുതൽ 0.8°C വരെ താപനില കൂടുന്നുണ്ട്. ക്രമരഹിതമായ മഞ്ഞുവീഴ്ചയും ശൈത്യകാല മഴയുടെ കുറവും മഞ്ഞുപാളികളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഈ പ്രദേശത്ത് 5-6°C വരെ താപനില വർധിക്കുമെന്നാണ് സൂചന. 20-30% കൂടുതൽ മഴയും ലഭിച്ചേക്കും. മഞ്ഞുപാളികൾ കുറയുന്നത് കൃഷിയെയും കുടിവെള്ള വിതരണത്തെയും സാരമായി ബാധിക്കും. വർധിച്ചുവരുന്ന ഗ്ലേഷ്യർ തടാകങ്ങളുടെ രൂപീകരണം വിനാശകരമായ വെള്ളപ്പൊക്കത്തിനും കാരണമാകും. 2023 ലെ സിക്കിം ദുരന്തത്തിൽ കുറഞ്ഞത് 55 പേരുടെ മരണത്തിനും 1,2 00 മെഗാവാട്ട് ജലവൈദ്യുത പദ്ധതി നശിപ്പിക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്.
STORY HIGHLIGHTS : arunachal-pradesh-glacier-loss