Kerala

‘സമാനതകളില്ലാത്ത ക്രൂരത’, റാഗിംഗ് നടത്തിയയെന്ന് സമ്മതിച്ച് വിദ്യാർത്ഥികൾ; ജൂനിയേഴ്സിനെ റാ​ഗ് ചെയ്ത 5പേർ റിമാൻഡിൽ | students remanded

മൂന്നു മാസത്തിലധികം ഉപദ്രവം തുടർന്നതോടെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്.

കോട്ടയം: കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സീനിയർ വിദ്യാർത്ഥികൾ റിമാൻഡിൽ. മൂന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേരാണ് പൊലീസിന്റെ പിടിയിലായത്. പരാതിക്കാരായ വിദ്യാർത്ഥികളെ പ്രതികൾ കോന്പസ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും നഗ്നരാക്കി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മൂന്നു മാസത്തിലധികം ഉപദ്രവം തുടർന്നതോടെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്.

സമാനതകളില്ലാത്ത ക്രൂരതയാണ് കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ നടന്നത്. ഒന്നാംവർഷ വിദ്യാർഥികളെ സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ചത് അതിപ്രാകൃതമായ രീതിയിൽ. മുതിർന്ന വിദ്യാർത്ഥികൾ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറിയാണ് അക്രമ അഴിച്ചുവിട്ടത്. പരാതിക്കാരായ വിദ്യാർഥികളെ ഹോസ്റ്റൽ മുറിക്കുള്ളിൽ കട്ടിലിൽ കിടത്തി കയ്യും കാലും കെട്ടിയിട്ട് ശരീരത്തെ കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. മുറിവിൽ നിന്നും ചോര വരുന്ന അവിടെ ബോഡി ലോഷനും ക്രീമുകളും തേച്ചു. വിദ്യാർഥികളുടെ സ്വകാര്യഭാഗത്ത് ഡമ്പലുകൾ തൂക്കിയിട്ട് ഉപദ്രവിച്ചു. കോളേജ് അധികൃതർക്ക് പരാതി നൽകിയാൽ വീണ്ടും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഇത് തുടരുകയായിരുന്നു. ആറു വിദ്യാർഥികളാണ് അതിക്രമത്തിന് ഇരയായത്. അതിക്രമം സഹിക്ക വയ്യാതെ വന്നതോടെ മൂന്നു വിദ്യാർഥികൾ കോളേജിലെ ആന്റി റാഗിംഗ് സെല്ലിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജ് പ്രിൻസിപ്പാളാണ് ഗാന്ധിനഗർ പൊലീസിൽ പരാതി കൈമാറിയത്.

ഇന്നലെ വൈകിട്ടോടെ അഞ്ചു പ്രതികളെയും കസ്റ്റഡിയിലെടുത്തു. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, കോരുത്തോട് സ്വദേശി വിവേക്, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, വണ്ടൂർ സ്വദേശി രാഹുൽ രാജ്, എന്നിവരാണ് പിടിയിൽ ആയത്. ഇവരുടെ ഫോണിൽ നിന്ന് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ റാഗിംഗ് നടത്തിയ വിവരം പ്രതികൾ സമ്മതിച്ചു. അക്രമത്തിന് ഇരയായ വിദ്യാർത്ഥികളിൽ നിന്ന് എല്ലാം ഞായറാഴ്ചയും പ്രതികൾ മദ്യപിക്കുന്നതിനായി പണം വാങ്ങുമായിരുന്നു. സീനിയർ വിദ്യാർത്ഥികളെ പേടിച്ച് പരാതിക്കാരായ വിദ്യാർത്ഥികൾ വീടുകളിൽ പോലും വിവരങ്ങൾ പറഞ്ഞിരുന്നില്ല. പ്രതികൾക്കെതിരെ റാഗിംഗ് നിരോധന നിയമം, ഭാരതീയ് ന്യായ സംഹിതയിലെ 118, 308, 351 വകുപ്പുകൾ പ്രകാരം, ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, ഭീഷണിപ്പെടുത്തി പണം വാങ്ങുക ഗൂഢാലോചന, സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.

content highlight : senior-students-remanded-for-brutally-ragging-first-year-students-of-kottayam-government-nursing-college