India

1961 ന് ശേഷം വരുന്ന വലിയ മാറ്റം! പുതിയ ആദായ നികുതി ബിൽ നാളെ പാര്‍ലമെന്റിലേക്ക് | new income tax bill

12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതി പരിധിയിൽ നിന്നും ഒഴിവാക്കുന്നതായി ബജറ്റിൽ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു

ദില്ലി: കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ നാളെ പാർലമെൻ്റിൽ പുതിയ ആദായ നികുതി ബിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ. 1961 ൽ പ്രാബല്യത്തിൽ വന്ന നിലവിലെ നിയമത്തിൽ സുപ്രധാനമായ മാറ്റങ്ങളോടെയാണ് പുതിയ നിയമത്തിനുള്ള ബില്ല് അവതരിപ്പിക്കപ്പെടുന്നത്. ഇത് ഓരോ ഇന്ത്യാക്കാരൻ്റെയും ജീവിതത്തെ സ്വാധീനിക്കുന്നതാണ്.

12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതി പരിധിയിൽ നിന്നും ഒഴിവാക്കുന്നതായി ബജറ്റിൽ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ 23 അധ്യായങ്ങളിലായി 622 പേജുള്ള ബില്ലിന്റെ കരട്, എംപിമാർക്ക് വിതരണം ചെയ്തു കഴിഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെക്കുന്നതോടെയാണ് ഇത് നിയമമാകുക. ആദായ നികുതി നിയമം 2025 എന്നായിരിക്കും അതിന് ശേഷം ഈ നിയമം അറിയപ്പെടുക. എങ്കിലും 2026 ഏപ്രിൽ ഒന്ന് മുതലേ ഇത് പ്രാബല്യത്തിൽ വരുകയുള്ളൂ.

298 സെഷനുകളുള്ള നിലവിലെ ആദായ നികുതി നിയമത്തിന് 800 ഓളം പേജുകളുണ്ട്. പുതിയ ബില്ലില്‍ സെഷനുകളുടെ എണ്ണം 536 ആയി ഉയ‍ർന്നിട്ടുണ്ട്. നേരത്തെയുള്ള 14 ഷെഡ്യൂളുകള്‍ക്ക് പകരം പുതിയ നിയമത്തില്‍ 16 ഷെഡ്യൂളുകളായിരിക്കും ഉണ്ടാവുക. അധ്യായങ്ങളുടെ എണ്ണം 23 ആയിത്തന്നെ നിലനിര്‍ത്തുകയും ചെയ്യും. ഫിനാന്‍ഷ്യല്‍ ഇയര്‍, ആസസ്മെന്റ് ഇയര്‍ എന്നിവ ഒഴിവാക്കുന്ന പുതിയ നിയമത്തിൽ ടാക്സ് ഇയര്‍ എന്ന ടേം ഉള്‍പ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ട്. ഇത് നടപ്പായാൽ നിലവിലെ നിയമത്തില്‍ പറയുന്ന പ്രീവിയസ് ഇയര്‍ എന്ന പദം പുതിയ ബില്ലില്‍ ടാക്സ് ഇയര്‍ എന്നായിരിക്കും അറിയപ്പെടുക. അസസ്മെന്റ് ഇയര്‍ എന്ന പ്രയോഗം പാടെ ഒഴിവാക്കുകയും ചെയ്യും.

പുതിയ ആദായ നികുതി ബില്ലിൻ്റെ കരടിൽ നേരത്തെ തന്നെ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയിരുന്നു. നിയമത്തിലെ ഭാഷാപരമായ പ്രയോഗങ്ങൾ എങ്ങനെ ലളിതമാക്കാം, ആശയക്കുഴപ്പങ്ങള്‍ എങ്ങനെ ഒഴിവാക്കാം, എന്നതിലെല്ലാം ജനങ്ങൾ അഭിപ്രായം രേഖപ്പെടുത്തി. ആര്‍ക്കും എളുപ്പത്തില്‍ മനസിലാകുന്ന തരത്തിലാണ് പുതിയ നിയമമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നികുതി നിയമത്തിൻ്റെ ഉള്ളടക്കത്തിൽ വലിയ മാറ്റങ്ങളില്ലാതെ, എന്നാൽ ലളിതവത്കരിച്ച പുതിയ ബില്ലാണ് നാളെ പാർലമെൻ്റിൽ ചർച്ചയ്ക്ക് എത്തുന്നത്.

ഉദ്യോഗസ്ഥ ഇടപെടലിലൂടെയുള്ള കാലതാമസം ഒഴിവാക്കാനും, പരാതി പരിഹാരം വേഗത്തിൽ സാധ്യമാക്കാനും ആവശ്യമായ മാറ്റങ്ങൾ പുതിയ നിയമത്തിലുണ്ട് എന്നാണ് വിവരം. വിദേശ ഇടപാടുകൾ നിരീക്ഷിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും കർശനമായ നിയന്ത്രണങ്ങളും ഉണ്ട്. ഇതിനായി ജനറൽ ആന്റി-അവോയ്ഡൻസ് റൂൾ പുതിയ നിയമത്തിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവിലെ നികുതി സ്ലാബുകളിലോ റിബേറ്റുകളിലോ മാറ്റം വരുത്തില്ല. എങ്കിലും പഴയ നികുതി വ്യവസ്ഥയെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ ഔദ്യോഗിക നികുതി വ്യവസ്ഥയായി പുതിയ നികുതി വ്യവസ്ഥ മാറും. അവതരണത്തിനു ശേഷം ബില്ല് പാർലമെൻ്റിലെ സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കായി വിടും.

content highlight : new-income-tax-bill-to-parliament-tomorrow-by-nirmala-sitaraman