തിരുവനന്തപുരം: കളരി അഭ്യാസത്തിനായി കേരളത്തിലെത്തിയ വിദേശികൾ വിവാഹിതരായി. വിഴിഞ്ഞം തെരുവ് പിറവിളാകം ക്ഷേത്ര സന്നിധിയിലാണ് ഹിന്ദു ആചാരപ്രകാരം വിദേശികളുടെ വിവാഹം നടന്നത്. ഇന്ന് രാവിലെ 10 നും 10.20നുമിടയിലുള്ള മുഹൂർത്തത്തിലായിരുന്നു ചടങ്ങ്. അമേരിക്കൻ സ്വദേശിയായ ഡൊമനിക് കാമില്ലോ വോളിനി (40) ഡെൻമാർക്ക് സ്വദേശിനി കാമില ലൂയിസ് ബെൽ മദാനി (30) യുടെ കഴുത്തിലാണ് നാദസ്വരത്തിനും വാദ്യമേളങ്ങൾക്കുമിടെ പൂജാരിയുടെ നിർദ്ദേശ പ്രകാരം താലി ചാർത്തിയത്. തുടർന്ന് ഇരുവരും കതിർ മണ്ഡപം വലം വച്ചു.
ചടങ്ങിൽ പങ്കെടുക്കാൻ വധുവിന്‍റെ മാതാപിതാക്കളും എത്തിയിരുന്നു. രണ്ടര വർഷമായി കോവളത്ത് കളരി അഭ്യസിക്കുകയാണ് ഇരുവരും. കേരള സംസ്കാരത്തെക്കുറിച്ച് പഠിക്കാനെത്തിയതായിരുന്നു വരൻ. ഇതിനിടെയായിരുന്നു കളരി അഭ്യാസവും തുടങ്ങിയത്. കല്യാണക്കത്ത് പ്രിന്‍റ് ചെയ്ത് വേണ്ടപ്പെട്ടവരെ ക്ഷണിച്ചതിനൊപ്പം തിരുവിതാംകൂർ സ്റ്റൈലിൽ സദ്യയും ഒരുക്കിയിരുന്നു.
content highlight : love-story-of-a-danish-american-marriage-in-kerala