മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് നമുക്ക് ഇന്ന് ഏറ്റവും സുരക്ഷിതമായെത്താം. പര്‍വതങ്ങള്‍ക്കും കടലിനും മീതെ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടുള്ള മേഘങ്ങള്‍ക്കിടിയിലൂടെയുള്ള അതിമനോഹരമായ യാത്ര. വിമാനയാത്ര യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാകുന്നിതിനുള്ള കാരണങ്ങള്‍ നിരവധിയാണ്. ഭൂമിയില്‍ ഇന്നും വിമാനങ്ങള്‍ കടന്നുപോകാന്‍ മടിക്കുന്ന ഒരിടമുണ്ട്. പസഫിക് സമുദ്രം. ഭൂമിയിലെ ഏറ്റവും ആഴമേറിയ വലിയ സമുദ്രമാണ് പസഫിക് സമുദ്രം. ഭൂമിയുടെ ഉപരിതലത്തിന്റെ മൂന്നില്‍ ഒന്ന് പസഫിക് സമുദ്രമാണ്. 13000 അടി ആഴമുള്ള സമുദ്രം 155 മില്യണ്‍ സ്‌ക്വയര്‍ കിലോമീറ്ററോളമാണ് വ്യാപിച്ച് കിടക്കുന്നത്. 1520ല്‍ മഗല്ലെനാണ് സമുദ്രത്തിന്റെ ശാന്തത കണ്ട് പസഫിക് എന്ന പേരുനല്‍കുന്നത്. പേരില്‍ ശാന്തമാണെങ്കിലും വിമാനങ്ങള്‍ പൊതുവെ പസഫിക് മുറിച്ചുകടക്കാന്‍ ധൈര്യപ്പെടാറില്ല. എന്തുകൊണ്ടാണെന്ന് അറിയാമോ?
ദീര്‍ഘദൂരം വ്യാപിച്ചുകിടക്കുന്നതിനാല്‍ തന്നെ സമുദ്രത്തെ മുറിച്ചുകടക്കണമെങ്കില്‍ അത്രത്തോളം തന്നെ ഇന്ധനക്ഷമത ആവശ്യമുണ്ട്. ദീര്‍ഘദൂര വിമാനങ്ങളെല്ലാം തന്നെ പറന്നുയര്‍ന്ന് വഴിയിലിറങ്ങി ഇന്ധനം നിറച്ച് വീണ്ടും പറന്നുയരുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍ പസഫിക് ലോകത്തെ ഏറ്റവും വലിയ സമുദ്രമായതിനാല്‍ തന്നെ അതിനുള്ള സാഹചര്യമില്ലെന്ന് പറയേണ്ടതില്ലല്ലോ. ഒറ്റനോട്ടത്തില്‍ പസഫിക് മുറിച്ചുനേരെ പറക്കുന്നതല്ലെ വളഞ്ഞുള്ള യാത്രയേക്കാള്‍ ദൂരം കുറവ് എന്ന് തോന്നുമെങ്കിലും ഭൂമി ഉരുണ്ടതായതിനാല്‍ അതത്ര ഫലപ്രദമായിരിക്കില്ല. വളഞ്ഞ പാതയിലൂടെയുള്ള ആകാശയാത്രയ്ക്കാണ് യഥാര്‍ഥത്തില്‍ ദൂരക്കുറവെന്നും അത് ഇന്ധനക്ഷമത വര്‍ധിപ്പിക്കുമെന്നും ഷെഫീല്‍ഡ് സ്‌കൂള്‍ ഓഫ് എയ്‌റനോട്ടിക്‌സ് പറയുന്നു.
അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങളാണ് പസഫിക്കിന്റെ പ്രത്യേകത. അതിശക്തമായ കാറ്റ്, ചുഴലിക്കാറ്റുകള്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയേക്കാം.എമര്‍ജന്‍സി ലാന്‍ഡിങ്ങിന് സാധ്യതയുള്ള ആകാശപ്പാതകളാണ് എയര്‍ലൈന്‍ കമ്പനികള്‍ എല്ലായ്‌പ്പോളും പ്രഥമ പരിഗണന നല്‍കുന്നത്. മെഡിക്കല്‍ എമര്‍ജന്‍സി, മറ്റു സാങ്കേതിക തകരാറുകള്‍ എന്നിവയുണ്ടായാല്‍ ലാന്‍ഡിങ്ങിന് തടസ്സം നേരിടും. രക്ഷാപ്രവര്‍ത്തനവും എളുപ്പമായിരിക്കില്ല.
STORY HIGHLIGHTS: Why Most Airplanes Do Not Fly Over The Pacific Ocean