ന്യൂയോർക്ക്: ഇന്ത്യയ്ക്ക് അഞ്ചാം തലമുറ പോർ വിമാനങ്ങൾ നൽകാൻ മത്സരിച്ച് അമേരിക്കയും റഷ്യയും. അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിന്‍റെ എഫ് 35, റഷ്യൻ സുഖോയ് 57 ഇ എന്നീ പോർവിമാനങ്ങൾ ആണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ പരിഗണനയിലുള്ളത്. ഇതിനിടെ കൂടുതൽ തേജസ് മാർക്ക് വൺ എ വിമാനങ്ങൾ നിർമിച്ച് നൽകുന്നതിൽ പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിനുണ്ടായ കാലതാമസത്തെ വ്യോമസേന മേധാവി തന്നെ വിമർശിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
വിശദ വിവരങ്ങൾ ഇങ്ങനെ
ഇന്ത്യൻ പൊതുമേഖലാസ്ഥാപനമായ എച്ച് എ എൽ ഈ എയ്റോ ഇന്ത്യ ഷോയ്ക്ക് മുൻപ് 11 തേജസ് മാർക്ക് 1 എ യുദ്ധവിമാനങ്ങൾ നിർമിച്ച് നൽകാമെന്നുറപ്പ് നൽകിയിരുന്നതാണ്. എന്നാൽ അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക്കിൽ നിന്ന് തേജസ്സിന്‍റെ 404 എഞ്ചിനുകളെത്താൻ വൈകുകയാണ്. ഇതിനെതിരെ നേരത്തേയും വിമർശനമുന്നയിച്ച വ്യോമസേന മേധാവി എ പി സിംഗ് എച്ച് എ എൽ അധികൃതരോട് എയ്റോ ഇന്ത്യ വേദിയിലും തന്‍റെ അതൃപ്തി പ്രകടമാക്കി.
തേജസ് മാർക്ക് വണ്ണടക്കം എച്ച് എ എല്ലിന്‍റെ പക്കൽ തിരക്കിട്ട പ്രോജക്ടുകൾ ധാരാളമുള്ളതിനാൽ പുതുതലമുറ പോർവിമാനങ്ങൾ നിർമിക്കാനുള്ള കരാറുകൾ കേന്ദ്ര സർക്കാർ സ്വകാര്യ പ്രതിരോധ കമ്പനികൾക്ക് നൽകാനാണ് സാധ്യത. എന്നാൽത്തന്നെ ഇതിന് പത്ത് വർഷത്തോളം സമയമെടുക്കുമെന്നാണ് കണക്കുകൂട്ടൽ. ചൈനയും പാകിസ്ഥാനും അത്യാധുനിക പോർവിമാനങ്ങൾ വാങ്ങുന്നതിനാൽ ഇന്ത്യയും അമേരിക്കയിൽ നിന്നോ റഷ്യയിൽ നിന്നോ അഞ്ചാം തലമുറ പോർവിമാനങ്ങൾ വാങ്ങുന്ന കരാറിലെത്തിയേക്കും. എയ്റോ ഇന്ത്യയിൽ അണിനിരക്കുന്ന ലോക്ക് ഹീഡ് മാർട്ടിന്‍റെ എഫ് 35, റോസോബോറൺ എക്സ്പർട്ടിന്‍റെ സുഖോയ് 57 ഇ എന്നിവയാണ് സർക്കാരിന്‍റെ സജീവപരിഗണനയിലുള്ളത്. എല്ലാ സാധ്യതകളും വാഗ്ദാനങ്ങളും പരിഗണിക്കുന്നെന്നാണ് പ്രതിരോധമന്ത്രാലയത്തിന്‍റെ വിശദീകരണം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമാഭ്യാസമായ എയ്റോ ഇന്ത്യയുടെ മൂന്നാം ദിനവും ചർച്ചകളും കരാറുകളും സജീവ ശ്രദ്ധാകേന്ദ്രമാണ്. ഒപ്പം വിമാനങ്ങളുടെ പ്രദർശനവും ദിവസേനയുള്ള എയ്റോ ഷോയും കാണാൻ പൊതുജനം ഒഴുകുകയും ചെയ്യുന്നുണ്ട്.
content highlight :us-and-russia-compete-to-supply-fifth-generation-fighter-jets-to-india