Kerala

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച ഡിസോണ്‍ കലോത്സവം നിയന്ത്രണങ്ങളോടെ നടത്താന്‍ ഹൈക്കോടതി ഉത്തരവ്

തൃശൂര്‍: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസോണ്‍ കലോത്സവം 16നും 17 നും നടത്താന്‍ ഹൈക്കോടതി ഉത്തരവ്. തൃശൂര്‍ റൂറല്‍ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി. മാള ഹോളി ഗ്രേസ് കോളജില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് മുടങ്ങിപ്പോയ മത്സരങ്ങള്‍ പുനരാരംഭിക്കുക. നാലു സ്റ്റേജുകളിലായി പരിപാടികള്‍ അരങ്ങേറും.

കലോത്സവ വേദികളിലേക്കുള്ള പ്രവേശന നിയന്ത്രണം, ക്രോസ് ചെക്കിങ്, ഫ്രിസ്‌കിങ് എന്നിവ പോലീസ് നേരിട്ട് നിയന്ത്രിക്കും. കാണികളുടെ എണ്ണം പരിമിതപ്പെടുത്തും. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്നവരുടെ രക്ഷിതാക്കളും യൂണിയന്‍ അഡൈ്വസര്‍ (അധ്യാപകര്‍) എന്നിവര്‍ക്ക് അനുയോജ്യമായ പാസ്/ഐ.ഡി. കാര്‍ഡ് അധികൃതര്‍ക്ക് നല്കും. ജഡ്ജസിനെ സംബന്ധിച്ച് ആരോപണങ്ങള്‍ പാടില്ല. മുതിര്‍ന്ന ജഡ്ജ് ഫലങ്ങള്‍ പ്രഖ്യാപിക്കും. പരിപാടിയിലുള്ള ജഡ്ജിമാരുടെ പട്ടിക ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ഇരിങ്ങാലക്കുടയ്ക്ക് മൂന്നു ദിവസത്തിന് മുന്‍പ് കൈമാറണം.

ഇതിനായി രൂപീകരിക്കുന്ന സംയുക്ത കമ്മിറ്റിയില്‍ കെ.എസ്.യു, എംഎസ്എഫ്, എസ്എഫ്ഐ യില്‍നിന്നും അഞ്ചു വിദ്യാര്‍ഥികളും ബന്ധപ്പെട്ട കോളജുകളില്‍നിന്നുള്ള 10 അധ്യാപകരും പങ്കെടുക്കും. കമ്മിറ്റിയുടെ ഇടപെടലിന് ശേഷം ഡിസോണിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരുന്നാല്‍ പോലീസ് വകുപ്പിലേക്ക് റഫര്‍ ചെയ്യണം. ക്രമസമാധാന ലംഘനത്തിന്റെ സാധ്യത ഉണ്ടായാല്‍ പോലീസ് ഉടനെ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതാണ്.

കമ്മിറ്റിക്കുള്ള അംഗങ്ങളുടെ പട്ടിക 14ന് മുന്‍പായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ഇരിങ്ങാലക്കുടയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഡി സോണ്‍ കലോത്സവത്തില്‍ കുറ്റകൃത്യങ്ങളിലും കേസുകളിലും ഉള്‍പ്പെട്ടവരുടെ പേരുകള്‍ ഒഴിവാക്കും. ഓര്‍ഗനൈസിങ് കമ്മിറ്റികള്‍ സിസിടിവി കാമറകള്‍ എല്ലാ സ്റ്റേജുകളിലും പ്രവേശന വഴിയിലും പുറത്തേക്കുള്ള വഴികളിലും മറ്റ് പ്രധാനമായ പ്രദേശങ്ങളും പരിഗണിച്ച് ഇന്‍സ്റ്റാള്‍ ചെയ്യും. കാമറകളുടെ പ്രവര്‍ത്തനം പോലീസ് നിയന്ത്രിക്കും.

പ്രോഗ്രാം കമ്മിറ്റി/ഓര്‍ഗനൈസിങ് കമ്മിറ്റി, വൈകുന്നേരം അഞ്ചിന് പ്രോഗ്രാം സമാപിക്കുന്ന വിധത്തില്‍ പ്രോഗ്രാം പുനഃക്രമീകരിക്കുകയും പരിപാടി കൃത്യസമയത്ത് രാവിലെ ഒമ്പതിന് ആരംഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസറും മെഡിക്കല്‍ ടീമും (ഡോക്ടര്‍ ഉള്‍പ്പെടെ) പരിപാടി സ്ഥലത്ത് ഉണ്ടായിരിക്കും. പരിപാടിയുടെ മുഴുവന്‍ സമയത്തും അപ്പീല്‍ കമ്മിറ്റി അംഗങ്ങള്‍ അവരുടെ നിയുക്ത സ്ഥലങ്ങളില്‍ ഉണ്ടായിരിക്കേണ്ടതാണ്.

വേദിയില്‍ പ്രോഗ്രാം പൂര്‍ത്തിയാകുന്നതുവരെ ഡീന്‍, റെപ്രസെന്റേറ്റീവ് ഓഫ് ഡീന്‍ ഉണ്ടായിരിക്കണം. കോളജ് കോമ്പൗണ്ടിലും പരിസരത്തും അനധികൃത കടകളും വഴിയോര കച്ചവടവും അനുവദിക്കില്ല. പ്രോഗ്രാം കമ്മിറ്റിയും സബ്കമ്മിറ്റികളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റികള്‍ ഉറപ്പാക്കണം. ഡിസോണ്‍ കലോത്സവം ജനുവരി 24 മുതല്‍ 28 മാള വലിയപറമ്പിലുള്ള ഹോളിഗ്രേസ് കോളേജിലാണ് നടത്തിയത്. 27ന് രാത്രിയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തി വക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം ഡിസോണ്‍ പൂര്‍ത്തിയാക്കുന്നത്.