പാലക്കാട്: ട്രെയിനുകളിലെ വനിതാ കോച്ചുകളിൽ പുരുഷന്മാർ കയറുന്നതു തടയാനും മുഴുവൻസമയ പരിശോധനയ്ക്കും വനിതാ പൊലീസിനെ നിയോഗിക്കും. ആർപിഎഫ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ക്യാമറ ഘടിപ്പിക്കാനും തീരുമാനിച്ചു. ഗർഭിണിയായ യാത്രക്കാരിക്കു നേരെ തമിഴ്നാട്ടിലെ കാട്പാടി ഭാഗത്തു വനിതാ കോച്ചിലുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണു ദക്ഷിണ റെയിൽവേ സുരക്ഷാ വിഭാഗത്തിന്റെ നടപടി.
ട്രെയിനുകളിൽ പരിശോധന നടത്തുന്ന റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്), സംസ്ഥാന റെയിൽവേ പൊലീസ് (ജിആർപിഎഫ്) സംഘത്തിൽ വനിതകളുടെ എണ്ണം വർധിപ്പിക്കും. പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകളിലും സിസിടിവി ശൃംഖല സ്ഥാപിക്കാനും റെയിൽവേ തീരുമാനിച്ചു. പുതുതായി ഇറങ്ങുന്ന എൽഎച്ച്ബി കോച്ചുകളിലും വന്ദേഭാരതിലുമാണ് ഇപ്പോൾ സിസിടിവിയുള്ളത്. ട്രെയിനിൽ സാക്ഷിയാകുന്ന സംഭവങ്ങൾ രേഖപ്പെടുത്താനാണു യൂണിഫോമിൽ ക്യാമറ ഘടിപ്പിക്കുന്നത്. പരീക്ഷണത്തിൽ സംവിധാനം പ്രയോജനപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്.