കൊല്ലം: ഓൺലൈൻ വ്യാപാരത്തിലൂടെ പണം സാമ്പാദിക്കാം എന്ന പേരിൽ കൊല്ലം അഞ്ചൽ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശി ഷംനാസ്, ഇടുക്കി സ്വദേശി ലിജോ എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
സമൂഹ മാധ്യമത്തിലൂടെ ഹെൽസ്ബർഗ് ഡയമണ്ട് എന്ന സ്ഥാപനത്തിൽ തൊഴിൽ അവസരം ഉണ്ടെന്ന് കണ്ടാണ് അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശിയായ യുവാവ് പ്രതികളെ ബന്ധപ്പെടുന്നത്. ഓൺലൈൻ വ്യാപരത്തിലൂടെ പണം സമ്പാദിക്കാമെന്ന് വാട്സാപ്പ് വഴി സന്ദേശങ്ങൾ അയച്ചും പരിശീലനം നൽകിയും തട്ടിപ്പുകാർ യുവാവിൻ്റെ വിശ്വാസം പിടിച്ചു പറ്റി. തുടക്കത്തിൽ ചെറിയ തുകകൾ യുവാവിൻ്റെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയിരുന്നു. തുടർന്ന് യുവാവിനെ കൊണ്ട് ഡയമണ്ടിൻ്റെ വിവിധ മോഡലുകൾ ഓർഡർ ചെയ്യിപ്പിച്ചു. ഡയമണ്ട് മറ്റൊരാൾക്ക് മറിച്ചു വിറ്റാൽ വൻ ലാഭം കിട്ടുമെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിച്ചു. പല തവണയായി പ്രതികൾ വലിയ തുക കൈക്കലാക്കി. ബാങ്ക് അക്കൗണ്ടുകൾ വഴി പതിനാലര ലക്ഷത്തോളം രൂപയാണ് യുവാവ് അയച്ചു നൽകിയത്. ഉറപ്പ് നൽകിയത് പോലെ വ്യാപാരം നടക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയത്.
അഞ്ചൽ പൊലീസിൽ യുവാവ് നൽകിയ പരാതിയിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. മലപ്പുറം സ്വദേശി ഷംനാസ്, ഇടുക്കി സ്വദേശി ലിജോ എന്നിവരാണ് പിടിയിലായത്. തട്ടിയെടുത്ത പണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഷംനാസ് സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ പേർ സമാനമായ രീതിയിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.