World

പലസ്തീൻകാരെ ജോർദാനിൽ പുനരധിവസിപ്പിക്കണമെന്ന ആവശ്യം; ട്രംപ് പദ്ധതി തള്ളി ജോർദാൻ രാജാവ്

വാഷിങ്ടൻ: ഗാസയിൽനിന്നുള്ള പലസ്തീൻകാരെ ജോർദാനിൽ പുനരധിവസിപ്പിക്കണമെന്ന ആവശ്യം, ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയിൽ ജോർദാനിലെ അബ്ദുല്ല രാജാവ് തള്ളിയെന്ന് റിപ്പോർട്ട്. ജോർദാനിലും ഈജിപ്തിലുമായി ഗാസയിലെ 20 ലക്ഷത്തിലേറെ പലസ്തീൻകാരെ മാറ്റിപ്പാർപ്പിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. പലസ്തീൻകാരെ ഒഴിപ്പിക്കുന്ന വിഷയം ചർച്ച ചെയ്യാനാണെങ്കിൽ വൈറ്റ് ഹൗസ് സന്ദർശനം വേണ്ടെന്നു വയ്ക്കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്ല ഫത്താ അൽ സിസി തീരുമാനിച്ചു. വൈറ്റ് ഹൗസ് സന്ദർശിക്കാൻ ട്രംപ് സിസിയെ ക്ഷണിച്ചിരുന്നു.

കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അസ്വസ്ഥനായി കണ്ട ജോർദാൻ രാജാവ്, ട്രംപിന്റെ നീക്കം സ്വീകാര്യമല്ലെന്ന സൂചനയാണു നൽകിയത്. എത്ര അഭയാർഥികളെ സ്വീകരിക്കുമെന്ന ചോദ്യത്തിന്, കാൻസർ പോലെ ഗുരുതര രോഗ ബാധിതരായ 2,000 പലസ്തീൻ കുട്ടികളെ സ്വീകരിക്കും എന്നാണു മറുപടി. രോഗികളായ പലസ്തീൻ കുട്ടികളെ സ്വീകരിക്കുന്ന നയം നേരത്തേതന്നെ അറബ് രാജ്യങ്ങൾക്കുണ്ട്. ജോർദാന്റെ തലസ്ഥാനമായ അമ്മാനിലെ ജനസംഖ്യയിൽ പകുതിയോളം പലസ്തീൻവംശജരാണ്. 1948 ൽ ഇസ്രയേൽ രൂപീകരണകാലത്ത് 8 ലക്ഷം പലസ്തീൻകാരാണ് ജന്മനാട്ടിൽനിന്ന് പലായനം ചെയ്തത്.