ദോശയ്ക്കും ഇഢലിക്കുമെല്ലാമൊപ്പം കഴിക്കാൻ ഒരു കിടിലൻ ഉള്ളി സാമ്പാർ ആയാലോ? തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചെറിയ ഉള്ളി – ഒരു പിടി ( തൊലികളഞ്ഞ് കഴുകി വൃത്തിയാക്കിയത്)
- തേങ്ങ ചിരകിയത് – കാൽ കപ്പ്
- സാമ്പാർ പരിപ്പ്– കാൽ കപ്പ്
- തക്കാളി – 1
- എണ്ണ–1 ടേബിൾ സ്പൂൺ
- വാളൻപുളി – ഒരു നെല്ലിക്കാ വലുപ്പത്തിൽ ( കാൽകപ്പ് വെള്ളത്തിൽ കുതിർത്തത്)
- പച്ചമുളക്– 2 എണ്ണം
- കറിവേപ്പില– 2 തണ്ട്
- സാമ്പാർ പൊടി – 2 ടേബിൾ സ്പൂൺ
- കാശ്മീരി മുളക്പൊടി – 1 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി– കാൽ ടി സ്പൂൺ
- കായം– കാൽ ടി സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മല്ലിയില– രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
കുതിർത്തുവച്ച സാമ്പാർ പരിപ്പ് കാൽ ടി സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക . ഒരു ഫ്രൈയിങ് പാനിൽ തേങ്ങ ചിരകിയത് വറക്കുക, ബ്രൗൺ നിറമാകുമ്പോൾ അതിലേക്കു സാമ്പാർ പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കാം. ഇത് തണുത്തതിന് ശേഷം അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു ചുവടുകട്ടിയുള്ള പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉള്ളിയിട്ട് അത് ട്രാൻസ്പരന്റ് ആകുന്നത് വരെ വഴറ്റുക. തക്കാളി ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് ഇളക്കുക. ഇതിലേയ്ക്ക് വേവിച്ച പരിപ്പ് ചേർത്ത് കൊടുക്കുക. അതിന് ശേഷം കുതിർത്തു വച്ച പുളി അരിച്ച വെള്ളം ചേര്‍ക്കുക.
ഇത് തിളച്ച് വരുമ്പോൾ അരച്ചുവച്ച തേങ്ങാക്കൂട്ട് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. കാൽ ടി സ്പൂൺ കായപ്പൊടി വിതറി ഇളക്കാം. വെന്തതിന് ശേഷം ചെറിയ ഉള്ളിയും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് കടുകു പൊട്ടിച്ച് താളിക്കുക. ഒടുവിൽ മല്ലിയില ചെറുതായി അരിഞ്ഞിടാം. ഉള്ളി സാമ്പാർ തയാർ. മൂടിവച്ച് പത്ത് മിനിറ്റിനു ശേഷം ഉപയോഗിക്കാം.