തിരുവനന്തപുരം: ബിഷപ്പുമാരുടെ വിമർശനങ്ങൾക്ക് മറുപടി നൽകി എ കെ ശശീന്ദ്രൻ. ബിഷപ്പുമാർ എന്നൊക്കെയാണ് ഞാൻ ധരിച്ചു വെച്ചത്, ചിലസമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും വനംമന്ത്രി പറഞ്ഞു. ഒരു മന്ത്രിയെ വിലയിരുത്താൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്. ബിഷപ്പുയർത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ട്. രാജിവെച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോയെന്നും എ കെ ശശീന്ദ്രൻ ചോദിക്കുന്നു. രാജി പ്രശ്ന പരിഹാരമല്ല എന്താണ് ഇതിനൊരു ശാശ്വത പരിഹാരം, അതാണ് വേണ്ടത്.
ഇന്നലെ യോഗം ചേർന്നിരുന്നു. 10 കർമ്മപദ്ധതികൾ നടത്തും. വന്യജീവി ആക്രമണം രൂക്ഷമായി അനുഭവപ്പെടുന്നത് കഴിഞ്ഞ രണ്ടു വർഷമാണ് അതിനുമുമ്പ് അത് ഇല്ല എന്നല്ല അതിന് അർത്ഥം. നിയമ ഭേദഗതിക്കായി അഞ്ചുവർഷമായി കേന്ദ്രമന്ത്രിയുടെ പുറകെ നടക്കുകയാണ്. സംസ്ഥാനം സവിശേഷമായ ഈ സാഹചര്യം മറികടക്കണമെങ്കിൽ കേന്ദ്രം കൂടി മനസ് വയ്ക്കണം. ആദിവാസി ഗോത്ര വിഭാഗക്കാർക്ക് ഒഴികെ മറ്റാർക്കെങ്കിലും വനത്തിനുള്ളിൽ പോകാൻ അനുവാദം ഉണ്ടോയെന്നും വനം മന്ത്രി ചോദിച്ചു. വനത്തിൽ നിന്ന് പുറത്തിറങ്ങുന്ന വന്യജീവികളെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത് കേന്ദ്രം നിലപാട് തിരുത്തിയില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുന്നത് ആലോചിക്കും വന്യജീവി ആക്രമണത്തിൽ ശാശ്വതം എന്നൊരു വാക്കില്ല പരമാവധി ചെയ്യുക എന്നതാണ് സർക്കാർ നിലപാടെന്നും വനംമന്ത്രി വിശദമാക്കി.
അതേസമയം എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആരും അയോഗ്യരല്ല. എല്ലാവർക്കും ഓരോ കഴിവുകളുണ്ട്. തോമസ് കെ തോമസ് യോഗ്യനാണോ അല്ലയോ എന്ന് ഞാൻ എങ്ങനെ തീരുമാനിക്കാനാണ്. പി സി ചാക്കോയുടെ രാജി, ഒരാൾ പെട്ടെന്നെടുത്ത തീരുമാനമാണ് പിന്നെ ചർച്ച ചെയ്തിട്ട് കാര്യമുണ്ടോയെന്നും വനംമന്ത്രി പ്രതികരിച്ചു. അദ്ദേഹം സ്വമേധയാ രാജിവച്ചതാണ്. എൻറെ പാർട്ടിയിൽ ഏറ്റവും ശക്തി കുറഞ്ഞ പ്രവർത്തകനാണ് ഞാൻ. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ ഒരു അനിശ്ചിതത്വം ഉണ്ടാകില്ലെന്നും എ കെ ശശീന്ദ്രൻ വിശദമാക്കി.