Kerala

സിപിഎമ്മിൽ ചേർന്ന ഒരാളെ കൂടി നാടുകടത്തി; പൊലീസ് നാടുകടത്തിയത് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ‘പുക’യെ | one more person who joined cpm was deported

ഇഡ്ഡലി എന്ന ശരൺചന്ദ്രനെ കഴിഞ്ഞ ദിവസം നാടുകടത്തിയിരുന്നു

പത്തനംതിട്ട: ‌സിപിഎമ്മിൽ ചേർന്ന ഒരാളെ കൂടി പത്തനംതിട്ട ജില്ലയിൽ നിന്ന് പൊലീസ് നാടുകടത്തി. പുക എന്നു വിളിക്കുന്ന പ്രമാടം സ്വദേശി അരുണിനെയാണ് നാടുകടത്തിയത്.

ഡിസംബർ 27ന് സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായാണ് പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആൾ ആയിരുന്നു ‘പുക ‘. സിപിഎമ്മിൽ ചേർന്ന ഇഡ്ഡലി എന്ന ശരൺചന്ദ്രനെ കഴിഞ്ഞ ദിവസം നാടുകടത്തിയിരുന്നു. മന്ത്രി വീണാ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ടാണ് മുൻപ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

കാപ്പാക്കേസ് പ്രതിയെ മന്ത്രി വീണാ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു. കാപ്പാക്കേസ് പ്രതി അല്ലെന്നും സ്വയം തിരുത്താനുമാണ് പാർട്ടിയിൽ എത്തിയതെന്നുമായിരുന്നു സിപിഎം വിശദീകരണം. ഇഡ്ഡലി എന്നാണ് ശരൺ ചന്ദ്രൻ്റെ വിളിപ്പേര്. പാര്‍ട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം ശരൺ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാൽ പത്തനംതിട്ടയിൽ മലയാലപ്പുഴ മേഖലയിൽ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്ത് പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു.

പലരും വാട്സ്ആപ്പുകളിലും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഈ സ്വീകരണ നടപടിയെ വിമര്‍ശിച്ചു. മന്ത്രി പങ്കെടുത്ത പരിപാടിയിൽ കാപ്പാ കേസ് പ്രതിക്ക് സ്വീകരണം നൽകുന്ന കാര്യം പൊലീസിൻ്റെ ഇൻ്റലിജൻസ് സംവിധാനം മനസിലാക്കാതിരുന്നതും മുന്നറിയിപ്പ് നൽകാതിരുന്നതും എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നിരുന്നു. എന്നാല്‍, ശരൺ ചന്ദ്രൻ നിലവിൽ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞു എന്നുമായിരുന്നു ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അന്ന് വിശദീകരിച്ചത്.