കടുത്ത ചൂടിൽ വെന്തുരുകുകയാണ് നാടും നഗരവും. പകൽ പുറത്തിറങ്ങി നടക്കാൻ വയ്യാത്ത സ്ഥിതിയായി. റോഡിലൊക്കെ പകൽ ആളുകൾ കുറഞ്ഞു. ചൂട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നതിനാൽ അതീവ ജാഗ്രത പുലർത്തേണ്ട അവസ്ഥയാണ്. ഇപ്പോഴിതാ ചൂടിനെ അതിജീവിക്കാൻ തണുത്ത ബിയറിനെ കൂട്ടുപിടിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതുകൊണ്ട് തന്നെ വില്‍പന കുതിച്ചുയരുകയാണ്.
വില്‍പന കുറഞ്ഞിരുന്ന ബിയര്‍ വൈന്‍ പാര്‍ലറുകളിലും ചൂടു കൂടിയതോടെ വില്‍പന കളറായി. ബാറുകളിലും ബിയര്‍ ചോദിച്ചെത്തുന്നവര്‍ ഏറി. ഇതോടെ ബിയറിന്‍റെ കരുതല്‍ ശേഖരം ബാറുകാരും കൂട്ടി. ഔട്ലെറ്റുകളില്‍ ശരാശരി വില്‍ക്കുന്ന ബിയറിന്‍റെ ഇരട്ടിയോളമായി വില്‍പന ഉയര്‍ന്നു.
നേരത്തെ 40 മുതല്‍ 50 വരെ കെയ്സുകളാണ് വിറ്റിരുന്നതെങ്കില്‍ ഇപ്പോഴത് 100 മുതല്‍ 110 കെയസായി മാറി. ബവ്റിജസ് ഔട്്ലെറ്റുകളില്‍ മാത്രമല്ല കണ്‍സ്യൂമര്‍ഫെഡ് ഔട് ലെറ്റുകളിലും സമാനമാണ് അവസ്ഥ. ഔട് ലെറ്റുകളിലും തണുത്ത ബിയറിനാണ് ഡിമാന്‍ഡ്. നേരത്തെ ബിയറിനു ആവശ്യക്കാര്‍ തീര്‍ത്തും കുറവായിരുന്നു. വരുന്ന ആഴ്ചയിലും ചൂടു കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ബിയര്‍ വിപണി. കള്ളുഷാപ്പുകളിലും വില്‍പന ഉയര്‍ന്നെന്നാണു എക്സൈസ് വകുപ്പിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.