ദില്ലി: രാജ്യവ്യാപകമായി അതിവേഗ ഇന്‍റർനെറ്റ് കണക്റ്റിവിറ്റിക്ക് കരുത്തേകുന്ന 5ജി ഫിക്‌സഡ് വയർലെസ് ആക്‌സസ് (FWA) ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന് നോക്കിയയുമായി കരാറിലെത്തി ഭാരതി എയർടെൽ. ഇന്ത്യയിലുടനീളം അതിവേഗത്തിലുള്ള ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതിനായി നൂതന 5ജി ഫിക്‌സഡ് വയര്‍ലസ് അക്‌സസ് ഉപകരണങ്ങളും വൈ-ഫൈ ഉപകരണങ്ങളും എയര്‍ടെല്ലിന് നോക്കിയ കൈമാറും.
രാജ്യത്ത് ഫൈബര്‍ കണക്റ്റിവിറ്റി ഇല്ലാത്ത ഇടങ്ങളില്‍ മികച്ച ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സേവനം എത്തിക്കുന്നതിന് വേണ്ടിയാണ് എയര്‍ടെല്ലും നോക്കിയയും കൈകോര്‍ക്കുന്നത്. അതിവേഗ ഫൈബര്‍ കണക്റ്റിവിറ്റി എത്തിക്കാന്‍ അസാധ്യമായ സ്ഥലങ്ങളില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കാന്‍ നോക്കിയയുമായുള്ള കരാറിലൂടെ എയര്‍ടെല്ലിന് സാധിക്കും. കുറഞ്ഞ ഫൈബര്‍ വ്യാപനവും അതേസമയം ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള ഉയര്‍ന്ന ആവശ്യകതയും ഉള്ള രാജ്യങ്ങളില്‍ ഈ ഫിക്‌സഡ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡിലൂടെ 5ജി സേവനം നല്‍കുന്നത് മികച്ച മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്.
കരാര്‍ പ്രകാരം നോക്കിയ, 5ജി ഫിക്സഡ് വയര്‍ലെസ് ആക്സസ് (FWA) ഔട്ട്‌ഡോര്‍ ഗേറ്റ്‌വേ റിസീവറും വൈ-ഫൈ 6 ആക്സസ് പോയിന്‍റും എയര്‍ടെല്ലിന് നല്‍കും. ക്വാല്‍കോമിന്‍റെ ചിപ്പുകളില്‍ നിര്‍മിച്ചിരിക്കുന്ന ഉപകരണങ്ങളാണിത്. നോക്കിയയുടെ ഫാസ്റ്റ്‌മൈല്‍ 5ജി ഔട്ട്‌ഡോര്‍ റിസീവറുകള്‍ക്ക് രണ്ട് വീടുകളില്‍ ഒരേസമയം സേവനം നല്‍കാനും സാധിക്കും. ഇത് കണക്ഷന്‍ നല്‍കുന്നതിലെ ചെലവ് കുറയ്ക്കും. വീടുകളില്‍ മികച്ച ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്നതിനായി നോക്കിയയുടെ വൈ-ഫൈ 6 അക്‌സസ് പോയിന്‍റ് സ്ഥാപിക്കും.
നോക്കിയ 5ജി ഫിക്സഡ് വയര്‍ലെസ് ആക്സസും വൈ-ഫൈ 6 ആക്സസ് പോയിന്‍റും ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുക. പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിച്ചാവും ഇവ നിര്‍മിക്കുക. 4ജി, 5ജി സേവനങ്ങള്‍ ഒരുക്കുന്നതില്‍ എയര്‍ടെല്ലിന്‍റെ വിശ്വസ്ത പങ്കാളികളാണ് ഇതിനകം നോക്കിയ.
content highlight : airtel-awards-contracts-to-nokia-to-expand-5g-fixed-wireless-access-devices