Kerala

തലയോട്ടിയിൽ പൊട്ടലുകൾ; സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ട്; ചേർത്തലയിലെ വീട്ടമ്മയുടെ പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ ഇങ്ങനെ | cherthala saji postmortem report

വെന്റിലേറ്ററിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്ന സജി ഞായറാഴ്ചയാണ് മരിച്ചത്

കൊച്ചി: ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ. ചേർത്തല 29-ാം വാർഡ് പണ്ടകശാലപ്പറമ്പിൽ സജി(46)യാണ് മരിച്ചത്. തലയോട്ടിയിൽ പൊട്ടലുകൾ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തി. അമ്മയെ അച്ഛൻ മർദിച്ച് കൊന്നതാണെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് മരിച്ച സജിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തത്. അസ്വഭാവികമരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്ന സജി ഞായറാഴ്ചയാണ് മരിച്ചത്. സജിക്ക് ഭർത്താവ് സോണിയിൽ നിന്ന് ക്രൂരമായ മർദനമേറ്റെന്ന മകളുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇപ്പോൾ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്മോർട്ടത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭർത്താവ് സോണിക്കെതിരെ കൊലപാതകകുറ്റമോ മനപൂർവമല്ലാത്ത നരഹത്യകുറ്റമോ ചുമത്തുന്ന കാര്യത്തിൽ പൊലീസ് ഉടന്‍ തീരുമാനമെടുക്കും.

ചേർത്തല മുട്ടം സ്വദേശിയായ വി സി സജിയെ കഴിഞ്ഞ മാസം എട്ടിനാണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധവസ്ഥയിൽ ആയതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. വീടിനകത്ത് കോണിപടിയിൽ കാൽ വഴുതി വീണ് പരിക്കേറ്റതാണെന്നായിരുന്നു മകൾ ഡോക്ടർമാരോട് പറഞ്ഞത്. ചികിത്സയിൽ ഇരിക്കേ കഴിഞ്ഞ ഞായറാഴ്ച സജി മരിച്ചു. സംസ്ക്കാര ചടങ്ങുകൾക്ക് ശേഷമാണ് പത്തൊൻപതുകാരിയായ മകൾ അമ്മയെ അച്ഛൻ സോണി മർദിച്ചിരുന്ന കാര്യം ബന്ധുക്കളോട് പറഞ്ഞത്. തുടർന്ന് ചേർത്തല പൊലീസിൽ പരാതി നൽകി.

തല ഭിത്തിയിൽ പിടിച്ചു ഇടിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സോണിയുടെ സ്ത്രീസൗഹൃദങ്ങൾ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമർദനം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതിനാൽ സജിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തതിന് പിന്നലെയാണ് മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തത്.