റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് ഇന്നും മാറ്റിവച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് പറഞ്ഞ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുന്നുവെന്നും കോടതി അറിയിച്ചു. എട്ടാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്.
ഇന്ന് (വ്യാഴാഴ്ച) രാവിലെ 11.30ന് തുടങ്ങിയ ഓൺലൈൻ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തു. ഫെബ്രുവരി രണ്ടിനായിരുന്നു കഴിഞ്ഞ സിറ്റിങ്. ദയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്. റിയാദിലെ ഇസ്കാൻ ജയിലിലാണ് റഹീം. 2006ലാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു നൽകിയിരുന്നു.