Kerala

പണപ്പിരിവ് മദ്യപാനത്തിന്, മറ്റുലഹരി ഉപയോഗമുണ്ടോയെന്ന് പരിശോധിക്കും; കേസെടുത്തിരിക്കുന്നത് ഒരു വിദ്യാര്‍ഥിയുടെ പരാതിയിലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി | nursing college ragging case police explanation

പ്രതികളുടെ ഫോണുകളും റാഗിങ് ദൃശ്യം പകര്‍ത്തിയ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

കോട്ടയം: കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങില്‍ നിലവില്‍ ഒരു വിദ്യാര്‍ഥിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്. സംഭവത്തിൽ കൂടുതല്‍ ഇരകളുണ്ടോ എന്നത് പരിശോധിക്കുമെന്നും കൂടുതല്‍ കുട്ടികളെ നേരിട്ടുകണ്ട് മൊഴിയെടുക്കുമെന്നും കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

റാഗിങ്ങുമായി ബന്ധപ്പെട്ട് രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും യു.ജി.സി. നിര്‍ദേശങ്ങളും പരിഗണിച്ച് നടപടിയെടുക്കും. കൂടുതല്‍ വിദ്യാര്‍ഥികളില്‍നിന്ന് മൊഴിയെടുക്കും. പ്രതികളുടെ ഫോണുകളും റാഗിങ് ദൃശ്യം പകര്‍ത്തിയ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

നിലവില്‍ റാഗിങ് വിരുദ്ധ നിയമപ്രകാരവും ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തി പണംതട്ടിയതിനുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഒരാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. റാഗിങ്ങിനിരയായ ബാക്കി കുട്ടികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ഫെബ്രുവരി 11-ാം തീയതിയാണ് വിദ്യാര്‍ഥി കോളേജില്‍ പരാതി നല്‍കിയത്. കോളേജ് അധികൃതര്‍ അന്നേദിവസം തന്നെ പരാതി പോലീസിന് കൈമാറി. അന്നുതന്നെ പ്രതികളായ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മദ്യപാനത്തിനായാണ് പ്രതികള്‍ പണപ്പിരിവ് നടത്തിയത്. മറ്റുലഹരി ഉപയോഗമുണ്ടോ എന്നത് പരിശോധിക്കണം. ഹോസ്റ്റലില്‍ ലഹരി ഉപയോഗം സംബന്ധിച്ചൊന്നും നേരത്തെ പോലീസിന് പരാതി ലഭിച്ചിട്ടില്ല. പ്രതികളിലൊരാളായ രാഹുല്‍രാജ് കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേന്റെ നേതാവാണെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസമാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായി റാഗ് ചെയ്തതതിന് കോട്ടയം ഗവ. നഴ്സിങ് കോളേജിലെ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. നഴ്‌സിങ് കോളേജിലെ ജനറല്‍ നഴ്‌സിങ് സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.