Tech

സാം ആള്‍ട്ട്‌മാന് വെല്ലുവിളി ഉയർത്തി ഇലോണ്‍ മസ്ക്; ഗ്രോക്ക് 3 ഉടൻ പുറത്തിറക്കും

എക്സിന്‍റെ (പഴയ ട്വിറ്റര്‍) ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചാറ്റ്‌ബോട്ടായ ഗ്രോക്ക് 3 ഉടന്‍ പുറത്തിറക്കുമെന്ന് എക്സ്എഐ ഉടമ ഇലോണ്‍ മസ്ക്. ഒന്നോ രണ്ടോ ആഴ്‌ചയ്ക്കുള്ളില്‍ ഗ്രോക്ക് 3 എക്സ് റിലീസ് ചെയ്യും.

ഓപ്പണ്‍ എഐയുടെ ചാറ്റ്‌ജിപിടി അടക്കമുള്ള എഐ മോഡലുകള്‍ക്ക് ഡീപ്‌സീക്ക് അടക്കമുള്ള ചൈനീസ് ചാറ്റ്ബോട്ടുകള്‍ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് ഗ്രോക്ക് 3-യുടെ വികസനത്തെ കുറിച്ച് ഇലോണ്‍ മസ്ക് വ്യക്തമാക്കിയത്.

എക്സ്എഐയുടെ ചാറ്റ്ബോട്ടായ ഗ്രോക്ക് 3 വികസനത്തിന്‍റെ അന്തിമ ഘട്ടത്തിലാണെന്നും ഒന്നോ രണ്ടോ ആഴ്ചകള്‍ കൊണ്ട് പുറത്തിറക്കുമെന്നും മസ്ക് പറഞ്ഞു.

ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയർത്തുന്ന പ്രകടന മികവ് ഗ്രോക്ക്-3യ്ക്കുണ്ടാകുമെന്നും മസ്ക് അവകാശപ്പെട്ടു. മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍ എഐയ്ക്കും ആല്‍ഫബെറ്റിന്‍റെ ഗൂഗിളിനും വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്ക് സ്ഥാപിച്ചതാണ് എക്സ്എഐ.

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനായിരുന്നുവെങ്കിലും സാം ആള്‍ട്ട്‌മാനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 2018ല്‍ മസ്ക് ഓപ്പണ്‍ എഐ വിട്ടിരുന്നു. ഇതിന് ശേഷം ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ലോകമെങ്ങും വലിയ പ്രചാരം നേടി.

ഇതിനുള്ള മറുപടിയായാണ് മസ്കിന്‍റെ എക്സ്എഐ എല്‍എല്‍എം അടിസ്ഥാനത്തിലുള്ള ഗ്രോക്ക് 1 ചാറ്റ്ബോട്ട് 2023 നവംബര്‍ 3ന് പുറത്തിറക്കിയത്. 2024 ഓഗസ്റ്റ് 13ന് ഗ്രോക്ക് 2 പുറത്തിറങ്ങി. എക്സില്‍ നേരിട്ടുള്ള ആക്സസ് ഗ്രോക്കിനുണ്ട്.

സാം ആള്‍ട്ട്‌മാനുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോര്‍വിളിയുടെ തുടര്‍ച്ച കൂടിയാണ് ഇലോണ്‍ മസ്കിന്‍റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന ഈ നീക്കം. 97.4 ബില്യൺ ഡോളറിന് ഓപ്പണ്‍ എഐയെ ഏറ്റെടുക്കാൻ ഒരുങ്ങി മസ്കും സംഘവും രംഗത്തെത്തിയിരുന്നു.

എന്നാല്‍ മസ്കിന്‍റെ ഓഫർ എക്സ് പോസ്റ്റിലൂടെ തള്ളിയ ആൾട്ട്മാൻ, വേണമെങ്കിൽ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സിനെ (പഴയ ട്വിറ്റര്‍) 9.74 ബില്യൺ ഡോളറിന് ഏറ്റെടുക്കാമെന്ന് തിരികെ വെല്ലുവിളിച്ചു. ഇലോണ്‍ മസ്ക് സന്തുഷ്ടനല്ലെന്നും അദേഹത്തിന്‍റെ അരക്ഷിതാവസ്ഥയാണ് ഇത്തരം അവകാശവാദങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് എന്നും സാം ആള്‍ട്ട്‌മാൻ തിരിച്ചടിച്ചു.

Latest News