പത്തനംതിട്ട: റാന്നിയിൽ കുട്ടികളുടെ മുന്നിൽ വച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്. പത്തനംതിട്ട അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. രണ്ടുലക്ഷം രൂപ പിഴയും ഒടുക്കണം. 2014 ഡിസംബറിൽ പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടിൽ റീനയാണ് അർധരാത്രി ഭർത്താവ് മനോജ് ഏബ്രഹാമിന്റെ മർദനത്തിനിരയായി കൊല്ലപ്പെട്ടത്. സംശയത്തെ തുടര്‍ന്നാണ് മനോജ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഹരിശങ്കർ പ്രസാദ് ഹാജരായി.
2014 ഡിസംബര്‍ 28നായിരുന്നു ക്രൂര കൊലപാതകം. അന്ന് പതിനൊന്നും പതിമൂന്നും വയസുള്ള ആണ്‍മക്കളുടെ മുന്നിലിട്ടാണ് റീനയുടെ തലയ്ക്ക് ഇഷ്ടിക കൊണ്ട് മനോജ് അടിച്ചത്. വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. നിലവിളിച്ച് പുറത്തേക്കോടിയ റീനയുടെ തലയില്‍ ജാക്കി ലീവര്‍ കൊണ്ട് വീണ്ടും അടിക്കുകയായിരുന്നു. തലയിലേറ്റ 17 ഗുരുതര മുറിവുകളാണ് മരണകാരണമായത്.
പ്രതിക്കെതിരെ കൊലപാതകം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി നിരീക്ഷിച്ചു. റീനയുടെ സ്ഥലം വിറ്റ പണം കൊണ്ടാണ് അമ്മ പുതിയ വീട് വച്ചു കൊടുത്തത്. ഈ വീട്ടിലിട്ടായിരുന്നു കൊലപാതകം. ആദ്യം മക്കളെ പ്രതി വശത്താക്കി അനൂകൂല മൊഴി കൊടുപ്പിച്ചു. മൊഴി കൊടുത്തതോടെ മക്കളെ പുറത്താക്കി. തുടര്‍ന്ന് മക്കള്‍ വിചാരണയില്‍ കൃത്യമായി പ്രതിക്കെതിരെ മൊഴി നല്‍കി. പ്രതി മനോജ് ജാമ്യത്തിലിറങ്ങി പുതിയ ഭാര്യയ്ക്കൊപ്പം റീനയുടെ വീട്ടില്‍ത്തന്നെ കുറ്റബോധമില്ലാതെ താമസിക്കുകയായിരുന്നു. കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ മനോജിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റിയിരുന്നു