പൊന്മുടി മലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഗിരി ശിഖരം. അത് കഠിനമായ ട്രക്കിംഗ് അനുഭവം സമ്മാനിക്കുന്ന കേരളത്തിലെ മൂന്നാമത്തെ കൊടുമുടി. വരയാടുകൾ മേഞ്ഞു നടക്കുന്ന വരയാടുമൊട്ട. വിശേഷണങ്ങൾ അനവധിയാണ് തിരുവനന്തപുരത്തെ ഈ സാഹസിക ടൂറിസം കേന്ദ്രത്തിന്.
തിരുവനന്തപുരം നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മനോഹരമായ ടൂറിസ്റ്റ് ട്രെക്കിങ് കേന്ദ്രമാണ് വരയാടുമൊട്ട മലനിരകള്‍. പേര് സൂചിപ്പിക്കുന്നത് പോലെ, വരയാടുകളെ കാണാനാവുന്ന മലനിരകളാണ് ഇത്. എന്നാൽ വരയാടുമൊട്ടയിലെ വരയാടുകൾ സഞ്ചാരികളുടെ മുന്നിൽ അപൂർവമായേ പ്രത്യക്ഷപ്പെടാറുള്ളൂ.
പൊൻമുടി കുന്നുകൾക്കും, പാലോട് (ബ്രെയിമൂർ) കുന്നുകൾക്കും, കല്ലാർ താഴ്‌വരയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു സംരക്ഷിത മലനിരയാണിത്. ഇതിൽ 13 കൊടുമുടികൾ ഉൾപ്പെടുന്നു. മീശപുലിമലയ്ക്കും അഗസ്ത്യാർകൂടത്തിനും ശേഷം ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ സാഹസിക ട്രക്കിംഗാണിത്.
കല്ലാർ നദി, പൊൻമുടി, മീൻമുട്ടി വെള്ളച്ചാട്ടം, മണക്കയം വെള്ളച്ചാട്ടം, ബ്രിമോർ എസ്റ്റേറ്റ് എന്നിവ വരയാടുമൊട്ട കൊടുമുടിക്ക് സമീപമുള്ള ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പാലോട് ഫോറസ്റ്റ് വകുപ്പിൻ്റെ കീഴിൽ സ്ഥിതി ചെയ്യുന്ന ഇവിടെ, പൊന്മുടിയിലെ ഇക്കോട്ടൂറിസം ഓഫീസിൽ നിന്നും നിശ്ചിത ഫീസ് നൽകി ഒരു ടീമായി വഴിയിൽ ട്രെക്ക് ചെയ്യാൻ പറ്റുന്നതാണ്.
ഒരു ഫോറസ്റ്റ് ഗാർഡിനെയും ട്രക്കിങ് ടീമിന്റെ കൂടെ അയക്കും. വരയാട് മുടിയിൽ ഉള്ള മലകൾ കയറിയിറങ്ങിയ ശേഷം കുത്തനെ താഴേക്കിറങ്ങി കല്ലാറിലാണ് പാത അവസാനിക്കുന്നത്. പൊന്മുടിയിൽ തുടങ്ങി മങ്കയത്ത് അവസാനിക്കുന്ന ഒരു ട്രെക്കിംഗ് പാത കൂടി ഉണ്ട് ഇവിടെ.
ഒരു വശത്തേക്ക് 18 കിലോമീറ്റർ ട്രെക്കിങ് ആണ് ഉള്ളത്. വഴുവഴുപ്പുള്ള പാതകളും അപകടകരമായ അഗാധഗർത്തങ്ങളുമുള്ള കഠിനമായ ട്രെക്കിങ്ങിന് ശേഷം വിജയകരമായി കൊടുമുടി കയറിക്കഴിഞ്ഞാൽ, ചുറ്റുമുള്ള മലകളുടെയും താഴ്‌വരകളുടെയും അതിശയകരമായ കാഴ്ചകൾ കാണാം. ചുറ്റും മഞ്ഞണിഞ്ഞ മലനിരകളുടെയും നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പിന്റെയും കാഴ്ച ഹൃദയം കവരും.
ഇവിടെ ട്രക്കിങ്ങിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് നിലവിൽ രണ്ട് റൂട്ടുകളിലാണ് ട്രക്കിംഗ് പാക്കേജ് ലഭ്യമാകുന്നത്. ഒന്ന് ഗോൾഡൻ വാലിയിൽ നിന്നും രണ്ട് പൊന്മുടിയിൽ നിന്നും. ഏകദേശം 12 മണിക്കൂറോളം നീണ്ടുനിൽക്കുന്ന ട്രക്കിംഗ് അനുഭവമാണ് നിങ്ങൾക്ക് ഈ യാത്ര സമ്മാനിക്കുക.