കൊച്ചി: പാലാരിവട്ടത്ത് നടുറോഡിൽ പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ യുവതിയുടെ പരാക്രമം. പോലീസ് വാഹനത്തിന്റെ ചില്ലടിച്ച് തകര്‍ത്ത യുവതിയും സുഹൃത്തും വിവിധ ലഹരിക്കേസുകളിലെ പ്രതികള്‍ ആണ്. ഇരുവര്‍ക്കുമെതിരേ എറണാകുളം നോര്‍ത്തിലും സെന്‍ട്രല്‍ സ്റ്റേഷനിലും ലഹരി കേസുകളുണ്ട്.
പാലാരിവട്ടം സംസ്‌കാര ജങ്ഷനില്‍ ഇന്നലെ രാത്രി 12.15 ഓടെയായിരുന്നു സംഭവം. പാലാരിവട്ടം സ്വദേശി പ്രവീണും പെണ്‍സുഹൃത്ത് കോഴിക്കോട് സ്വദേശി റെസ്ലിയുമാണ് നടുറോഡില്‍ അക്രമം അഴിച്ചു വിട്ടത്. പ്രവീണ്‍ വഴിയാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നത് കണ്ട നാട്ടുകാരാണ് പാലാരിവട്ടം പോലീസിനെ വിവരമറിയിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയും പ്രതികള്‍ അക്രമം അഴിച്ചുവിട്ടു. പോലീസിന് നേരെ അധിക്ഷേപം നടത്തുകയും കത്തി കാണിച്ച് ഭീഷണി മുഴക്കിയ പ്രവീണിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇതില്‍ പ്രകോപിതയായ റെസ്ലി പോലീസ് ജീപ്പിന്റെ ചില്ല് കല്ലെടുത്തെറിഞ്ഞ് തകര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് വനിതാ പോലീസിനെ സ്ഥലത്തെത്തിച്ച് റെസ്ലിയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവില്‍ പ്രവീണിനെതിരേ കേസ് എടുത്തിട്ടുണ്ട്. റെസ്ലി പാലാരിവട്ടം പോലീസിന്റെ കസ്റ്റഡിയിലുമാണുള്ളത്. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
നഗരത്തില്‍ ലഹരി സംഘങ്ങള്‍ വിലസാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ദിനംപ്രതി പലയിടങ്ങളിലായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. വ്യാഴാഴ്ച്ച രാത്രി പാലാരിവട്ടത്തേതിന് പുറമേ മട്ടാഞ്ചേരിയിലും അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. മട്ടാഞ്ചേരിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകളുടെയും ഒരു ഓട്ടോറിക്ഷയുടെയും ചില്ലുകള്‍ അടിച്ചു തകര്‍ത്ത നിലയില്‍ കാണപ്പെട്ടത് ഇക്കഴിഞ്ഞ രാത്രിയാണ്.
മട്ടാഞ്ചേരി കരുവേലിപ്പടി ആര്‍.കെ. പിള്ള റോഡിലാണ് സംഭവം. സമീപവാസികളായ ഉവൈസ്, സഫ്വാന്‍, അജ്മല്‍, എന്നിവരുടെ കാറുകളും മുഹമ്മദ് ഷമീറിന്റെ ഓട്ടോയുടെയും ചില്ലുമാണ് തകര്‍ത്തിരിക്കുന്നത്. സ്ഥിരമായി ഈ വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാറുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പുലര്‍ച്ചെ നാല് മണിയോടെ ഒരാള്‍ കാറുകള്‍ ചില്ലെറിഞ്ഞ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.