Kerala

ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ചട്ട വിരുദ്ധ പ്രമോഷന്‍ നല്‍കാന്‍ നീക്കം: ശുപാര്‍ശ തടയണമെന്ന് കാലിക്കറ്റ് വൈസ്ചാന്‍സിലര്‍ക്ക് പരാതി നല്‍കി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

അസോസിയേറ്റ് പ്രൊഫസറായി നിശ്ചിത മൂന്നുവര്‍ഷത്തെ അധ്യാപന പരിചയമില്ലാത്ത, ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോക്ടര്‍ ഷൈജന് പ്രൊഫസറായി പ്രമോഷന്‍ നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാല സ്‌ക്രീനിംഗ് സമിതി തിരക്കിട്ട് ശുപാര്‍ശ ചെയ്തു. യു.ജി.സി ചട്ട പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ ആയി മൂന്നുവര്‍ഷത്തെ അദ്ധ്യാപന, ഗവേഷണ പരിചയം പ്രൊഫസര്‍ തസ്തികയ്ക്കുള്ള യോഗ്യതയായി വ്യവസ്ഥചെയ്തിട്ടുള്ളപ്പോള്‍, അത് അവഗണിച്ചാണ് പ്രൊമോഷന്‍ നല്‍കുന്നത്.

മികച്ച അധ്യാപന പരിചയം ഷൈജന് ഉണ്ടെന്നാണ് വകുപ്പ് മേധാവി ശുപാര്‍ശ ചെയ്തിട്ടുള്ളത്. സര്‍വകലാശാലയുടെ എക്കണോമിക്‌സ് വകുപ്പിലെ ഏറ്റവും ജൂനിയറായ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് വകുപ്പ് മേധാവിയുടെ ചുമതല നല്‍കിയ ശേഷം, അദ്ദേഹമാണ് ഷൈജന് പ്രൊഫസര്‍ തസ്തികയ്ക്ക് സര്‍വഥാ യോഗ്യനാണെന്ന ശുപാര്‍ശ നല്‍കിയത്.

സര്‍വ്വകലാശാല സര്‍വീസ് രേഖകള്‍ പ്രകാരം 2018 ഒക്ടോബറില്‍ അസോസിയേറ്റ് പ്രൊഫസ്സറായി ഉദ്യോഗകയറ്റം ലഭിച്ച ഷൈജന്‍ 2020 ഒക്ടോബര്‍ മുതല്‍ മലയാളം സര്‍വ്വകലാശാലയില്‍ രജിസ്ട്രാറായും, തുടര്‍ന്ന് ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ച കാലയളവുകള്‍ അധ്യാപന ഗവേഷണ സേവനമായി കണക്കുകൂട്ടിയാണ് പ്രൊഫസ്സര്‍ പ്രമോഷനുള്ള നീക്കം. അസോസിയേറ്റ് പ്രൊഫസര്‍ ആയി മൂന്ന് വര്‍ഷകാലത്തെ അധ്യാപനം പൂര്‍ത്തിയാക്കാത്ത ഒരാള്‍ക്ക് അധ്യാപന, ഗവേഷണ നൈപുണ്യമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ആണ് വകുപ്പ്‌മേധാവി നല്‍കിയിട്ടുള്ളത്.

സര്‍വ്വകലാശാല സ്‌ക്രീനിംഗ് കമ്മിറ്റിയും മേധാവിയുടെ ശുപാര്‍ശ അംഗീകരിച്ചിട്ടുണ്ട്. UGC ചട്ടപ്രകാരം മൂന്ന് വര്‍ഷ അധ്യാപന പരിചയം നിര്‍ബന്ധമായിരിക്കെ ധനമന്ത്രിയുടെ പ്രൈവറ്റ്‌സെക്രട്ടറിയെന്ന പിന്‍ബലത്തില്‍ പ്രൊഫസര്‍ പദവി നല്‍കാനുള്ള ചട്ട വിരുദ്ധ ശുപാര്‍ശ തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ‘കാലിക്കറ്റ്’ വിസിക്ക് നിവേദനം നല്‍കി.

CONTENT HIGH LIGHTS; Move to grant illegal promotion to Finance Minister’s private secretary: Save University Campaign Committee complains to Calicut Vice Chancellor to block recommendation