2024-25 അധ്യയന വര്‍ഷത്തില്‍ ഹോപ്പ് പദ്ധതിയിലൂടെ തുടര്‍പഠനത്തിന് സംസ്ഥാനത്താകെ തയ്യാറെടുക്കുന്നത് 1426 കുട്ടികളാണ്. 48 കുട്ടികള്‍ എസ്എസ്എല്‍സിക്കും 1378 കുട്ടികള്‍ പ്ലസ് ടൂ പരീക്ഷക്കുമാണ് തയ്യാറെടുക്കുന്നത്.
18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ വിവിധ കാരണങ്ങളാല്‍ പഠനം പാതിയില്‍ ഉപേക്ഷിച്ചവര്‍ക്കും പരീക്ഷയില്‍ തോല്‍വി സംഭവിച്ചവര്‍ക്കും തുടര്‍പഠനത്തിന് അവസരമൊരുക്കുന്ന കേരള പോലീസിന്‍റെ പദ്ധതിയാണ് ഹോപ്പ്. 2017ല്‍ ആരംഭിച്ച പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ പങ്കെടുക്കുന്ന വര്‍ഷം കൂടിയാണിത്.
തിരുവനന്തപുരം റൂറല്‍ ജില്ലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. എസ്എസ്എല്‍സിക്ക് പതിനൊന്നും പ്ലസ് ടൂവിന് 226 കുട്ടികളുമായി 237 കുട്ടികള്‍ ജില്ലയില്‍ നിന്നുണ്ട്. തിരുവനന്തപുരം സിറ്റിയില്‍ നിന്ന് 104 കുട്ടികളും ഭാഗമാകുന്നുണ്ട്. കോട്ടയത്തുനിന്നു 139ും കോഴിക്കോട് സിറ്റിയില്‍ നിന്ന് 122 കുട്ടികളും ചേര്‍ന്നിട്ടുണ്ട്. 12 കുട്ടികള്‍ മാത്രമായി ഏറ്റവും കുറവ് കുട്ടികള്‍ കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നിന്നാണ്.
മറ്റ് 15 ജില്ലകളിലനിന്നു ശരാശരി 55 കുട്ടികള്‍ എന്ന നിലയില്‍ പദ്ധതിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. 18 സര്‍ക്കാര്‍ സ്ഥാപനങ്ങളും 50 സ്വകാര്യ സ്ഥാപനങ്ങളുമായി 68 ഇടങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിവരുന്നു. കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി സംസ്ഥാനത്താകെ 210 പേരുടെ സന്നദ്ധസേവനവും ലഭ്യമാക്കുന്നുണ്ട്.
പഠനം പാതിയില്‍ ഉപേക്ഷിച്ചതും പരീക്ഷയില്‍ തോല്‍വി സംഭവിച്ചതുമായ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നതിലൂടെ സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതിയിലൂടെ നാളിതുവരെ 5750 കുട്ടികളെ പരീക്ഷയ്ക്ക് തയാറെടുപ്പിക്കുകയും അവരില്‍ 3603 കുട്ടികള്‍ ഉന്നത പഠനതിന്ന് അര്‍ഹത നേടുകയും ചെയ്തിട്ടുണ്ട്.
CONTENT HIGH LIGHTS; 1426 children prepared for further studies through ‘HOPE’ project