Kerala

കണ്ണുരിലും റാ​ഗിങ്; പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ ചവിട്ടിയൊടിച്ച് സീനിയർ വിദ്യാർത്ഥികൾ | plus one student attacked by senior students

നിഹാലിന്റെ കയ്യുടെ എല്ലിന് പൊട്ടലുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു

കണ്ണൂർ: പ്ലസ് വൺ വിദ്യാർത്ഥി റാ​ഗിം​ഗിന് ഇരയായതായി പരാതി. കൊളവല്ലൂർ പി.ആർ മെമ്മോറിയൽ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് നിഹാലിനാണ് പരിക്കേറ്റത്. സീനിയർ വിദ്യാർത്ഥികളെ അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

നിഹാലിന്റെ കയ്യുടെ എല്ലിന് പൊട്ടലുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. നി​ഹാൽ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വിദ്യാർത്ഥിയുടെ കൈ പ്രതികൾ ചവിട്ടിയൊടിച്ചുവെന്ന് കുടുംബം പറയുന്നു. ​ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിൽ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും. നിലത്തിട്ട് ചവിട്ടിയെന്നും മറ്റ് കുട്ടികളും ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും നിഹാൽ പൊലീസിനോട് പറഞ്ഞു. മുൻപും താൻ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും നിഹാൽ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ പരാതി സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു.