ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമാണ് എല്ലാ ക്രെഡിറ്റും നൽകാനുള്ളത്. കുടുംബവും പാര്‍ട്ടിയും ചേര്‍ത്തുനിര്‍ത്തി. വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ അപകടം നടന്ന കാര്യവും അതിനുശേഷമുള്ള സംഭവങ്ങളും ഒന്നും ഓര്‍മയുണ്ടായിരുന്നില്ല. ആശുപത്രിയിലെ ദിവസങ്ങള്‍ നീണ്ട ചികിത്സക്കുശേഷമാണ് കാര്യങ്ങള്‍ വ്യക്തമായതെന്നും സന്തോഷമുണ്ടെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഉമ തോമസ് എംഎൽഎ പറഞ്ഞു. ആശുപത്രിയിലെ അനുഭവങ്ങളും ഉമ തോമസ് പങ്കുവെച്ചു. 46 ദിവസത്തെ ചികിത്സക്കുശേഷമാണ് ഉമ തോമസ് ആശുപത്രി വിട്ടത്.
അപകടശേഷം ഒന്നും ഓര്‍മയുണ്ടായിരുന്നില്ലെന്ന് ഉമ തോമസ് പറഞ്ഞു. അതിനാൽ തന്നെ അപകടത്തിന്‍റെ വേദനകളൊന്നും ഒന്നും അനുഭവിച്ചിട്ടില്ല. ഓര്‍മ വന്നതിനുശേഷം കുറെ കാക്കി ഡ്രസിട്ട് ആളുകളെ കണ്ടപ്പോള്‍ പൊലീസ് സ്റ്റേഷൻ ആണെന്നാണ് കരുതിയത്. ചോദിച്ചപ്പോഴാണ് ആശുപത്രിയിലാണെന്ന് പറഞ്ഞത്. ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അത് ട്യൂബിൽ കൂടെ വരുമെന്നാണ് പറഞ്ഞത്. എന്ത് ചോദിച്ചാലും എല്ലാം അവര്‍ ചെയ്യുമെന്ന് മറുപടി നൽകിയത്. പിന്നെ ഒരു സാധനം കുത്തിവെച്ചിട്ട് ഇത് ഓക്സിജൻ ആണെന്നാണ് പറഞ്ഞത്. അപ്പോള്‍ നിങ്ങള്‍ക്ക് വിവരമില്ലെയെന്നും ഓക്സിജൻ നമ്മള്‍ മൂക്കിലൂടെ ശ്വസിക്കുന്നതല്ലേയെന്നൊക്കെയാണ് താൻ ചോദിച്ചത്.
ആശുപത്രിയാണെന്ന് പറഞ്ഞപ്പോള്‍ അതൊക്കെ കുറെ കണ്ടിട്ടുണ്ടെന്നായിരുന്നു എന്‍റെ മറുപടി. ഒരോ ദിവസവും നഴ്സുമാര്‍ നൽകിയ പരിചരണം ഏറെ വിലമതിക്കുന്നതായിരുന്നു. അത്രയധികം ഒരോരുത്തരും ചേര്‍ത്തുപിടിച്ചു. റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാരും നഴ്സുമാരും നല്ലരീതിയിൽ പരിചരിച്ചു. അത്രയും ഉയരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിട്ടും എനിക്ക് തിരിച്ചുവരാനായി. മിഷേൽ ഡോക്ടര്‍ ഉള്‍പ്പെടെ ചേര്‍ത്തുപിടിച്ചു. അപകടത്തെ അതിജീവിക്കാനായത് ഈ ആശുപത്രിയുടെ എംഡി അടക്കമുള്ളവരുടെ പ്രയത്നത്തിന്‍റെ ഫലമാണ്. ഫിസിയോ തെറപ്പി ടീം, സപ്പോര്‍ട്ടിങ് സ്റ്റാഫ് അങ്ങനെ എല്ലാവരും നല്ലരീതിയിൽ എന്ന് നോക്കി. കൃഷ്ണദാസും കൃഷ്ണനുണ്ണിയുമൊക്കെ എന്നെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഉമ തോമസ് പറഞ്ഞു.
content highlight : kaloor-stadium-stage-accident-latest-updates-news-uma-thomas-response-mla-discharged-from-hospital