Alappuzha

റോഡ് പിളര്‍ന്ന് കുത്തിയൊലിച്ചെത്തി വീടുകളിലും കടകളിലും വെള്ളം; പൊട്ടിയത് കൂറ്റൻ കുടിവെള്ള പൈപ്പ് | drinking water pipes broke

പുന്നപ്ര മിൽമയുടെ കിഴക്കുവശം ഇന്നലെ രാവിലെ 6.30 ഓടെയാണ് റോഡിനടിയിൽ സ്ഥാപിച്ച കൂറ്റൻ പൈപ്പ് പൊട്ടിയത്.

അമ്പലപ്പുഴ: ജല അതോറിറ്റിയുടെ പൈപ്പുപൊട്ടി ദേശിയ പാതയോരത്തെ വീടുകളിലും കടകളിലും വെള്ളം കയറി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ദേശിയപാതയുടെ പുതിയ റോഡും പൊട്ടി പൊളിഞ്ഞു. പുന്നപ്ര മിൽമയുടെ കിഴക്കുവശം ഇന്നലെ രാവിലെ 6.30 ഓടെയാണ് റോഡിനടിയിൽ സ്ഥാപിച്ച കൂറ്റൻ പൈപ്പ് പൊട്ടിയത്. വെള്ളപാച്ചിലിൽ സമീപത്തെ കാനനിറഞ്ഞ് സമീപത്തു  കല്ലൂപറമ്പിൽ അനിയുടെ കടയിലും  വീടിനു മുന്നിലും വെള്ളം കയറി.

ഈ ഭാഗത്ത്  നിർമണം പൂർത്തിയാക്കിയ റോഡിന്റെ മധ്യഭാഗമാണ് മെറ്റലും ടാറും ഇളകി വിണ്ടുകീറിയത് . പിന്നീട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാട്ടർ അതോറിറ്റി ഏര്‍പ്പെടുത്തിയ തൊഴിലാളികളെത്തി പൊട്ടിയ ഭാഗത്തെ അറ്റകുറ്റപ്പണി നടത്തിയാണ് വെള്ള പാച്ചിൽ തടഞ്ഞത്. വേനൽ കടുത്തതോടെ പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പോഴും ദേശിയപാത നിർമാണവുമായി ബന്ധപെട്ട് പൈപ്പ് പൊട്ടൽ സ്ഥിരം കാഴ്ചയാണ്.

content highlight : drinking-water-pipes-broke-and-water-entered-the-houses-and-shops-along-national-highway-alappuzha