Kerala

പാതിവില തട്ടിപ്പ്; അനന്തുവിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്, തട്ടിപ്പിന് കുടുംബശ്രീയെയും ഉപയോഗിച്ചെന്ന് ക്രൈംബ്രാഞ്ച് | half price scam

കൊച്ചിയിലെ ഓഫീസുകളിലാണ് വിശദമായ പരിശോധന

കൊച്ചി: പാതിവില തട്ടിപ്പിൽ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളിൽ റെയ്ഡുമായി ക്രൈംബ്രാഞ്ച്. കൊച്ചിയിലെ ഓഫീസുകളിലാണ് വിശദമായ പരിശോധന. തട്ടിപ്പിന് കുടുംബശ്രീയെയും ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

സമീപകാലത്തൊന്നും കാണാത്ത വമ്പൻ സംഘവുമായി പാതിവില തട്ടിപ്പ് അന്വേഷണം തുടങ്ങിയ ക്രൈംബ്രഞ്ച് ആദ്യം പിടിയായി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങൾ അരിച്ചു പെറുക്കുകയാണ്.  കോടതിയിൽ നിന്നുള്ള സെർച്ച് വാറന്റുമായി കൊച്ചി പനമ്പള്ളി നഗറിലെ സോഷ്യൽ ബി.വെൻചേർസിൽ നിന്നാണ് തുടക്കം. സോഷ്യൽ ബി.വെഞ്ചേഴ്‌സിന്റെയും കളമശേരിയിലെ പ്രൊഫഷണൽ സർവീസ് ഇന്നവേഷന്റെയും അക്കൗണ്ടിലേക്കാണ് വിവിധ എൻ ജി ഒ കളും വ്യക്തികളുമെല്ലാം അനന്തുവിന്റെ വാക്ക് വിശ്വസിച്ച് പണം അയച്ചത്. പകുതി വിലയ്ക്ക് വാഹനങ്ങൾ അടക്കം നൽകാമെന്ന പേരിൽ തട്ടിപ്പിനിരയായവരുമായി പ്രതി ഉണ്ടാക്കിയ കരാർ രേഖകളും ഈ സ്ഥാപനങ്ങൾ വഴി ആണെന്നാണ് വിവരം. ഇവിടങ്ങളിൽ അനന്തുവിനെ എത്തിച്ചു തെളിവെടുത്തിരുന്നു.

പരാതി പ്രളയം തുടരുന്നതിനിടെ പാതി വില തട്ടിപ്പിന് കുടുംബശ്രീ വഴിയും പ്രചാരണം നടന്നതായി കണ്ടെത്തി. മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്ററാണ്‌ പകുതി നിരക്കിലുള്ള സ്കൂട്ടറും ലാപ്ടോപ്പും ലഭിക്കുന്നത് ഉപയോഗപ്പെടുത്താൻ സിഡിഎസ് ചെയർപേഴ്സൺമാർക്ക് കത്ത് നൽകിയത്. നിലമ്പൂരിലെ ജെഎസ്എസ് എന്ന സമിതി വഴി പണം നൽകി അനുകൂല്യം നേടാം എന്നും കത്തിലുണ്ട്. ലഭിക്കുന്ന സാധനങ്ങളുടെ ഗുണങ്ങളും കത്തിൽ വിവരിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള ആശങ്കകൾക്കും ഇടവരാത്ത രീതിയിലായിരുന്നു അനന്തുവിന്റെ തട്ടിപ്പെന്ന് ഇരകളിൽ ഒരാളായ ചേർത്തല സ്വദേശിയായ അഭിഭാഷക പ്രതികരിച്ചു.

content highlight : half-price-scam-crime-branch-raids-in-accused-ananthu-krishna-office-in-kochi